kozhikode local

യുവാവിന്റെ തിരോധാനം: അന്വേഷണം ഊര്‍ജിതമാക്കണം

വടകര: മണിയൂര്‍ പഞ്ചായത്തിലെ മുടപ്പിലാവില്‍ മാരാം മഠത്തില്‍ ബിനീഷിന്റെ തിരോധാനം സംബന്ധിച്ച് അന്വേഷണം ഊര്‍ജിതമാക്കണമെന്ന് കര്‍മ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൊയിലാണ്ടി വിജയാ ഓട്ടോ കണ്‍സള്‍ട്ടന്‍സി ജീവനക്കാരനായ ബിനീഷ് തിരുവനന്തപുരത്ത് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സുഹൃത്തിനെ കാണാനായിട്ടാണ് 2017 ഒക്ടോബര്‍ മൂന്നിന് വീട്ടില്‍ നിന്നും പുറപ്പെട്ടത്.
രണ്ട് ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇതിനിടയില്‍ നാട്ടുകാര്‍ പല സ്ഥലങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരോധാനവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ വടകര പോലിസില്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും അന്വേഷണത്തില്‍ പുരോഗതി ഉണ്ടായിട്ടില്ല. ഇതേ തുടര്‍ന്നാണ് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്.
ഭാര്യയും അമ്മയും ആറു വയസ്സുള്ള കുട്ടിയും മാത്രമുള്ള കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ബിനീഷിനെ കണ്ടെത്താന്‍ സര്‍ക്കാരും ആഭ്യന്തര വകുപ്പും നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ മണിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും കര്‍മ സമിതി ചെയര്‍ പേഴ്‌സണുമായ എം ജയപ്രഭ, കണ്‍വീനര്‍ പിപി പ്രഭാകരന്‍, എംവി രാജന്‍, കെ ശശി മാസ്റ്റര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it