യുവാവിന്റെ കൊലപാതകം: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി

കൊല്ലം: കൊല്ലത്ത് ഗുണ്ടാസംഘം യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ റിമാന്‍ഡിലായിരുന്ന രണ്ട് പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് തുടങ്ങി.
പേരൂര്‍ തട്ടാര്‍കോണം പ്രോമസ് ലാന്റില്‍ രഞ്ജിത്ത് ജോണ്‍സ(40)ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൂതക്കുളം സ്വദേശി ബൈജു(കൈതപ്പുഴ ഉണ്ണി), കിളികൊല്ലൂര്‍ സ്വദേശി വിനേഷ് എന്നിവരെ10 ദിവസത്തേക്കാണ് പോലിസ് കസ്റ്റഡിയില്‍ വാങ്ങിയത്. ഇവരെ ഇന്നലെ രഞ്ജിത്തിനെ കൊലപ്പെടുത്തിയ ചാത്തന്നൂര്‍ പോളച്ചിറയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. ചാമ്പക്കുളത്തും കൊണ്ടുവന്ന് തെളിവെടുത്തു. കൃത്യം നടത്തിയ ശേഷം മൃതദേഹത്തിന്റെ കൈയും കാലും കെട്ടാന്‍ ഉപയോഗിച്ച പ്ലാസ്റ്റിക് റോപ്പ് തമിഴ്‌നാട്ടില്‍ ഉപേക്ഷിച്ചെന്നാണ് പ്രതിയായ കൈതപ്പുഴ ഉണ്ണി പോലിസിനോട് പറഞ്ഞത്. കഴിഞ്ഞ ആഗസ്ത് 15നാണ് രഞ്ജിത്തിനെ കാണാതായത്. രണ്ടുദിവസം മുമ്പ് മൃതദേഹം തമിഴ്‌നാട്ടിലെ പാറമടയില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഗുണ്ടാ സംഘത്തിലെ ഒരാളുടെ ഭാര്യയുമായി രഞ ്ജിത്ത് പുലര്‍ത്തിയിരുന്ന അവിഹിതബന്ധമാണ് കൊലയില്‍ കലാശിച്ചതെന്നാണ് പോലിസ് നിഗമനം. അതേസമയം, കേസിലെ പ്രധാന പ്രതികളായ മൂന്നു പേര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചതായും വിവരമുണ്ട്. പാമ്പ് മനോജ്, കാട്ടുണ്ണി, കുക്കു എന്നിവരാണ് ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയില്‍ അപേക്ഷ നല്‍കിയത്. ലോറി ഡ്രൈവറായ കാട്ടുണ്ണിക്ക് തമിഴ്‌നാട്ടിലെ ഒട്ടുമിക്ക സ്ഥലങ്ങളും സുപരിചിതമാണ്. ഇയാളുടെ ഭാര്യയും ഒളിവിലാണ്.
അന്വേഷണം പ്രധാനമായും തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് നടക്കുന്നത്. കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ സാഹചര്യത്തില്‍ പ്രതികള്‍ സംസ്ഥാനം വിട്ടു പോകാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലാണ് പോലിസ്. കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനായി കൊല്ലം എസിപിയുടെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യാഗസ്ഥര്‍ യോഗം ചേര്‍ന്നു. കൃത്യത്തിന് ശേഷം പ്രതികള്‍ പുലിച്ചിറയില്‍ നിന്നും വാടകക്കെടുത്ത് ഉപയോഗിച്ച കാര്‍ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



Next Story

RELATED STORIES

Share it