Flash News

യുവാവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുത്തിപ്പരിക്കേല്‍പിച്ചു



കാസര്‍കോട്: ഹോട്ടലില്‍ സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുത്തിപ്പരിക്കേല്‍പിച്ചു. ചൂരി സ്വദേശിയായ അല്‍ത്താഫി(20)നാണ് കുത്തേറ്റത്. ഇയാളെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഫയാസ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി പത്തേകാലോടെ ചൂരിയിലെ ഒരു ഫാസ്റ്റ്ഫുഡ് കടയിലാണ് സംഭവം. ബൈക്കിലെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സന്ദീപിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ഹോട്ടലില്‍ കയറി പ്രകോപനമില്ലാതെ അല്‍ത്താഫിനെതിരേ വാള്‍ വീശുകയായിരുന്നു. തടുക്കുന്നതിനിടയില്‍ കൈവിരല്‍ അറ്റു. ഇതിനിടയില്‍ കൈക്ക് കുത്തേറ്റു. അതിനിടെ സുഹൃത്ത് ഫയാസ് കസേരയെടുത്ത് തടുത്തു. ബഹളം കേട്ട് പരിസരവാസികള്‍ എത്തിയപ്പോഴേക്കും രണ്ട് പേര്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. സന്ദീപിനെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പിച്ചു. സന്ദീപ് അടക്കം മൂന്നുപേര്‍ക്കെതിരേ കേസെടുത്തു. സന്ദീപ് നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. നിരന്തരം ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുന്നതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരേ കാസര്‍കോട് പോലിസ് നല്ല നടപ്പിന് ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് നേരത്തേ ആര്‍ഡിഒ കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. റിയാസ് മൗലവിയുടെ കൊലപാതകം നടന്ന പ്രദേശത്ത് തന്നെയാണ് ആര്‍എസ്എസുകാര്‍ വീണ്ടും പ്രകോപനം സൃഷ്ടിച്ചത്. സംഭവത്തെ തുടര്‍ന്ന് ജില്ലാ പോലിസ് ചീഫ് കെ ജി സൈമണിന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. അതേസമയം, സംഘര്‍ഷ ബാധിത മേഖലയായിട്ടും ഇവിടെ പോലിസിന്റെ കാമറകള്‍ പ്രവര്‍ത്തിക്കാത്തത് ഗുണ്ടാസംഘത്തിന് ഗുണകരമായിട്ടുണ്ട്.
Next Story

RELATED STORIES

Share it