Flash News

യുവമോര്‍ച്ചയുടെ ചുമതലയില്‍ നിന്ന് കെ സുരേന്ദ്രനെ ഒഴിവാക്കി

യുവമോര്‍ച്ചയുടെ ചുമതലയില്‍ നിന്ന് കെ സുരേന്ദ്രനെ ഒഴിവാക്കി
X


തിരുവനന്തപുരം: ബിജെപി സംസ്ഥാന ഘടകത്തില്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അനുകൂല വിഭാഗം പിടിമുറുക്കുന്നു. കുമ്മനത്തെ അനകൂലിക്കുന്നവര്‍ക്കാണ് പാര്‍ട്ടിയുടെ വിവിധ മോര്‍ച്ചകളുടെയും ജില്ലാകമ്മിറ്റികളുടെയും ചുമതലകളില്‍ മേല്‍ക്കൈ. ആലപ്പുഴയില്‍ സമാപിച്ച സംസ്ഥാനസമിതി യോഗത്തില്‍ കുമ്മനമാണ് മോര്‍ച്ചകളുടെയും ജില്ലാകമ്മിറ്റികളുടെയും ചുമതലകള്‍ പുതുക്കി നിശ്ചയിച്ച് പുതിയ പട്ടിക അവതരിപ്പിച്ചത്.
യുവമോര്‍ച്ചയുടെ ചുമതലയില്‍നിന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ ഒഴിവാക്കി പകരം എം.ടി. രമേശിനെ നിയോഗിച്ചു. യുവമോര്‍ച്ചയ്‌ക്കൊപ്പം മധ്യമേഖല, ഒ.ബി.സി. മോര്‍ച്ച എന്നിവയുടെ ചുമതലകൂടി എം.ടി. രമേശിനു നല്‍കി. കര്‍ഷക മോര്‍ച്ചയുടെ ചുമതലയാണ് സുരേന്ദ്രന് പുതുതായി നല്‍കിയത്. പാര്‍ട്ടി ദക്ഷിണമേഖലയുടെ ചുമതലയുമുണ്ടായിരുന്ന കെ. സുരേന്ദ്രനെ വടക്കന്‍ മേഖലയിലേക്കുമാറ്റി.
കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷായാത്രയ്ക്ക് മൂന്നുദിവസം മുമ്പ് പാര്‍ട്ടി ട്രഷറര്‍ പ്രതാപചന്ദ്രവര്‍മയെ മാറ്റി ശ്യാംകുമാറിനെ നിയമിച്ചിരുന്നു. അടിയന്തരമായി ട്രഷററെ മാറ്റിയതെന്തിനെന്ന ചോദ്യമുയര്‍ന്നിട്ടുണ്ടെങ്കിലും നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാക്കളായി ഹരി എസ്. കര്‍ത്ത, ആര്‍. സന്ദീപ്, മോഹനചന്ദ്രന്‍ നായര്‍, ആനന്ദ് എസ്. നായര്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. ഇവരില്‍ മൂന്നുപേര്‍ കുമ്മനത്തെ പിന്തുണയ്ക്കുന്നവരാണ്. ന്യൂനപക്ഷമോര്‍ച്ചയുടെ ചുമതല സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് നല്‍കി. ശോഭാ സുരേന്ദ്രനാണ് മഹിളാമോര്‍ച്ചയുടെ ചുമതല.
Next Story

RELATED STORIES

Share it