kannur local

യുവതിയുടെ മരണം: നിപാ അല്ലെന്ന സ്ഥിരീകരണത്തില്‍ ആശ്വാസം

ഇരിട്ടി: നിപാ രോഗലക്ഷണങ്ങളോടെ തില്ലങ്കേരി സ്വദേശി മരിച്ചെന്ന പ്രചാരണം മേഖലയിലെ ജനങ്ങളെ ആശങ്കയിലാഴ്ത്തിയത് മണിക്കൂറുകളോളം. എന്നാല്‍, മരണകാരണം നിപ വൈറസ് അല്ലെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചതോടെ ആശങ്ക ആശ്വാസത്തിന് വഴിമാറി. തില്ലങ്കേരി തലച്ചങ്ങാട്ടെ പി കെ ബാലന്റെ ഭാര്യ റോജ(39) ആണ് പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ മരിച്ചത്.
നേരത്തെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിക്കപ്പെട്ട യുവതിക്ക് നിപാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നടത്തിയ രക്തപരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍, രോഗം മൂര്‍ച്ഛിച്ചതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അബോധാവസ്ഥയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ കോഴിക്കോട്ട് തന്നെ സംസ്‌കരിച്ചതാണ് നാട്ടുകാരുടെ ആശങ്ക ഇരട്ടിക്കാന്‍ കാരണം.
സാമൂഹികമാധ്യമങ്ങള്‍ വഴിയും പലതരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചു.
ഇതോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും നിര്‍ബന്ധിതരായി. ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് നാട്ടുകാര്‍ക്ക് അവര്‍ ഉറപ്പുനല്‍കി. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശപ്രകാരം റോജയുമായി അടുത്ത് ബന്ധപ്പെട്ടവരുടെയും അയല്‍വീട്ടുകാരുടെയും വിവരശേഖരണം നടത്തി. ഇരിട്ടി താലൂക്ക് സഭാ യോഗത്തിലും പ്രശ്‌നം ചര്‍ച്ചയാവുകയും അടിയന്തര പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. രാവിലെ 11ഓടെ റോജയുടെ രക്തസാംപിള്‍ പരിശോധിച്ചതിന്റെ രണ്ടാം റിപോര്‍ട്ട് പുറത്തുവന്നു. ഇതിലാണ് മരണകാരണം നിപാ വൈറസ് അല്ലെന്ന് അന്തിമസ്ഥിരീകരണം ലഭിച്ചത്.
റോജയുടെ വീടിനു മുന്നിലെ സാംസ്‌കാരിക നിലയത്തില്‍ തടിച്ചുകൂടിയവരോട് തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി പി സുഭാഷ് ഇക്കാര്യം വെളിപ്പെടുത്തി. ഇതോടെയാണ് നാട്ടുകാരുടെ ശ്വാസം നേരെ വീണത്.
ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശപ്രകാരം ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് പി പി രവീന്ദ്രനും തില്ലങ്കേരി പ്രാഥമികാരോഗ്യ കേന്ദ്രം ഓഫിസര്‍ അഭയ് കുര്യനും റോജയുടെ വീട്ടിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചു. നിലവില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ഇവര്‍ നിര്‍ദേശം നല്‍കി.





Next Story

RELATED STORIES

Share it