malappuram local

യുവതിയുടെ ദുരൂഹമരണം: പോലിസ് സ്റ്റേഷന് മുമ്പില്‍ മാതാവിന്റെ അനിശ്ചിതകാല നിരാഹാരം

മഞ്ചേരി: വാഴക്കാട് ചെറുവായൂര്‍ സ്വദേശി ചീക്കപ്പള്ളി മുഹമ്മദിന്റെ മകള്‍ ജാസ്മിറ(28) ഭര്‍തൃ വീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിലെ പോലിസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് യുവതിയുടെ മാതാവ് പാണ്ടിക്കാട് പോലിസ് സ്‌റ്റേഷനു മുമ്പില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. ജാസ്മിറയുടെ മാതാവ് കോലോത്തുംപറമ്പ് ആസ്യ നിരാഹാരമിരിക്കുന്നത്. കുടുംബാംഗങ്ങളും ജാസ്മിറയുടെ മക്കളായ മുഹമ്മദ് ഷാനിദ്(10), ഇഷ ഫാത്തിമ(ഒന്ന്) എന്നിവരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
നാട്ടുകാര്‍ രൂപീകരിച്ച കര്‍മ സമിതിയുടെ ആഭിമുഖ്യത്തിലാണ് സമരം. ആഗസ്ത് 17ന് ഭര്‍തൃവീടായ പന്തല്ലൂര്‍ ആമക്കാട് പൂവ്വത്തിങ്ങലില്‍ വച്ചാണ് ജാസ്മിറ തീപ്പൊള്ളലേറ്റ് മരിച്ചത്. മരണത്തില്‍ അന്നു തന്നെ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ രംഗത്തുവന്നിരുന്നു. പാണ്ടിക്കാട് ആമക്കാട് പൂവ്വത്തിക്കല്‍ മുഹമ്മദ് റാഫിയാണ് ജാസ്മിറയെ വിവാഹം കഴിച്ചത്. വിവാഹസമയത്ത് നല്‍കിയ 40 പവന്‍ സ്വര്‍ണാഭരണങ്ങള്‍ പോരെന്നും കൂടുതല്‍ വേണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും മകളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു. അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുത്തെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് വഴിതിരിച്ചു വിടാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചു മാതാപിതാക്കള്‍ ജില്ലാ പോലിസ് മേധാവിക്കു പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി കേസന്വേഷണം ഏറ്റെടുത്തു. തുടര്‍ന്നും അന്വേഷണം ശരിയായ ദിശയില്‍ നീങ്ങുന്നില്ലെന്നാരോപിച്ചാണ് നാട്ടുകാര്‍ കര്‍മ സമിതി രൂപീകരിച്ച് സമരരംഗത്തു വന്നത്. കേസില്‍ ജാസ്മിറയുടെ ഭര്‍ത്താവ് മുഹമ്മദ് റാഫിയെ പോലിസ് അറസ്റ്റു ചെയ്തിരുന്നു. ഒളിവില്‍ കഴിയുന്ന ഭര്‍തൃമാതാവ് ബീവിക്കുട്ടി, സഹോദരന്‍ ഉമ്മര്‍, സഹോദര ഭാര്യ റിഫാന എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. എന്നാല്‍, ഇവരെ അറസ്റ്റു ചെയ്യാനോ ചോദ്യം ചെയ്യാനോ പോലിസ് തയ്യാറായിട്ടില്ലെന്ന് ജാസ്മിറയുടെ പിതാവ് ചീക്കപ്പള്ളി മുഹമ്മദും കര്‍മ സമിതി ഭാരവാഹികളും മഞ്ചേരിയില്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വാഴക്കാട് ഡിവിഷന്‍ അംഗം പി ആര്‍ രോഹില്‍നാഥ് സമരം ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it