യുപിയില്‍ അരക്ഷിതാവസ്ഥയും അരാജകത്വവും ശക്തിപ്പെടുന്നു: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: ഗോരഖ്പൂരില്‍ ഡോ. കഫീല്‍ ഖാന്റെ സഹോദരന്‍ കാശിഫ് ജമീലിനെ വധിക്കാന്‍ ശ്രമിച്ച നടപടിയെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍ ശക്തമായി അപലപിച്ചു. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഉത്തര്‍പ്രദേശില്‍ ഉണ്ടായിരിക്കുന്ന ഗുരുതരമായ ക്രമസമാധാന തകര്‍ച്ചയിലേക്കാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത്.
ഗോരഖ്പൂരിലെ ബിഡി ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 63 കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തിനു ശേഷം യുപി സര്‍ക്കാര്‍ ഡോ. കഫീല്‍ ഖാനോട് വിരോധം വച്ചുപുലര്‍ത്തുന്നത് ഏവര്‍ക്കും അറിവുള്ളതാണ്. കുരുന്നു ജീവനുകള്‍ രക്ഷിക്കാന്‍ കഴിവിന്റെ പരമാവധി പരിശ്രമിച്ചിട്ടും സര്‍ക്കാര്‍ സംവിധാനത്തിലുണ്ടായ വീഴ്ചയ്ക്ക് കഫീല്‍ ഖാനെ ബലിയാടാക്കുകയും ആറു മാസം ജയിലിലിടുകയും ചെയ്യുകയായിരുന്നു. കഫീല്‍ ഖാനെയും കുടുംബത്തെയും ലക്ഷ്യമിട്ടുള്ള അതിക്രമങ്ങള്‍ അവസാനിച്ചിട്ടില്ലെന്നതിന് തെളിവാണ് സഹോദരനെ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ചത്.
അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാരം ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടത്തുന്ന അക്രമം തുടരുകയാണ്. ജാര്‍ഖണ്ഡിലെ റാട്ടുവിലെ അഗ്ഡുവില്‍ രാത്രിപ്രാര്‍ഥന കഴിഞ്ഞ് വീട്ടിലേക്ക് പോയ മൗലാനാ അസറുല്‍ ഇസ്‌ലാമിനെയും സഹോദരന്‍ മൗലാനാ ഇംറാനെയും അതിക്രൂരമായി മര്‍ദിച്ചത് ഇതില്‍ ഏറ്റവും ഒടുവിലത്തേതാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it