Editorial

യുദ്ധക്കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം

ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി സ്ഥാപിക്കപ്പെട്ടത് മനുഷ്യരാശിയുടെ നേരെ നടക്കുന്ന ഭീകരമായ അതിക്രമങ്ങളിലെ പ്രതികളെ അന്താരാഷ്ട്ര നിയമമനുസരിച്ചു പിടികൂടി ശിക്ഷിക്കുന്നതിനായാണ്. ആഫ്രിക്കയിലെ നിരവധി പട്ടാള ഭരണാധികാരികള്‍ കോടതിയുടെ നടപടികള്‍ക്കു വിധേയരായിട്ടുണ്ട്. ബോസ്‌നിയയിലും മറ്റും നടത്തിയ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ മിലോസെവിച്ചിനെപ്പോലുള്ള സെര്‍ബ് നേതാക്കളും കോടതി വിചാരണ നേരിടുകയുണ്ടായി.
എന്നാല്‍, 21ാം നൂറ്റാണ്ടിലെ ഏറ്റവും കടുത്ത യുദ്ധക്കുറ്റകൃത്യങ്ങള്‍ നടന്നിട്ടുള്ളത് പശ്ചിമേഷ്യയിലാണ്. 2003ല്‍ ഇറാഖിലെ ഭരണാധികാരി സദ്ദാം ഹുസയ്‌നെ അധികാരഭ്രഷ്ടനാക്കാന്‍ വേണ്ടി നടത്തിയ അമേരിക്കന്‍-ബ്രിട്ടിഷ് അധിനിവേശ യുദ്ധം മുതല്‍ ആ പ്രദേശത്തെ ഭരണകൂടങ്ങളെയും സാമൂഹിക ജീവിതത്തെയും തകര്‍ത്തെറിയാനായി നടത്തപ്പെട്ട നീക്കങ്ങള്‍ അനവധിയാണ്. ലിബിയയില്‍ കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയെ നീക്കം ചെയ്തതും ഇതേ തരത്തിലുള്ള ഇടങ്കോലിടല്‍ യുദ്ധം വഴി തന്നെയായിരുന്നു.
ഇതിന്റെയൊക്കെ പരിണിതഫലമായി പശ്ചിമേഷ്യ ഒരു തീക്കുണ്ഠമായി മാറുകയും അവിടെ നിന്നു ദശലക്ഷക്കണക്കിനു ജനങ്ങള്‍ അഭയാര്‍ഥികളായി യൂറോപ്പിലേക്കും മറ്റു പ്രദേശങ്ങളിലേക്കും പ്രവഹിക്കുകയുമാണ്. ആയിരക്കണക്കിന് അഭയാര്‍ഥികള്‍ കിഴക്കന്‍ യൂറോപ്പിലെ വിവിധ അതിര്‍ത്തികളില്‍ കൊടുംമഞ്ഞുകാലം വരുന്നതും പ്രതീക്ഷിച്ച് മരത്തണലിലും തെരുവോരത്തും കഴിഞ്ഞുകൂടുന്നു. വരും ആഴ്ചകളില്‍ യൂറോപ്പില്‍ മഞ്ഞുകാലം ആഗതമാവുന്നതോടെ ഇവരില്‍ വലിയൊരു പങ്ക് മരവിച്ചു മരിക്കുമെന്നത് ഒരു കഠിന യാഥാര്‍ഥ്യമാണ്. അഭയം കാത്തുകഴിയുന്ന മുഴുവന്‍ ജനങ്ങള്‍ക്കും സ്വാഗതമേകാന്‍ യൂറോപ്പ് തയ്യാറല്ല. തകര്‍ന്നു തരിപ്പണമായ സ്വന്തം ദേശങ്ങളിലേക്കു തിരിച്ചുപോവുകയെന്നത് അഭയാര്‍ഥികളെ സംബന്ധിച്ചിടത്തോളം അസാധ്യവുമാണ്.
ഈ കൊടുംപ്രതിസന്ധിക്ക് ഇടയാക്കിയ രാഷ്ട്രീയാബദ്ധങ്ങള്‍ ആരംഭിക്കുന്നത് 2003ല്‍ സദ്ദാമിനെതിരേ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് യുദ്ധം തുടങ്ങിയേടത്താണ്. ഐക്യരാഷ്ട്ര സമിതിയുടെ അംഗീകാരത്തിനു പോലും കാത്തുനില്‍ക്കാതെയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷും ബ്രിട്ടിഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും ചേര്‍ന്നു യുദ്ധത്തിനു പദ്ധതി തയ്യാറാക്കിയത്. ഇറാഖ് യുദ്ധത്തില്‍ തെറ്റുപറ്റിയെന്ന് ഇപ്പോള്‍ ടോണി ബ്ലെയര്‍ പറയുന്നു. അതു പശ്ചിമേഷ്യയെ അസ്ഥിരമാക്കി. ഐഎസ് പോലുള്ള പുതിയ പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവത്തിലേക്കു നയിച്ച സാഹചര്യവും അതിന്റെ സൃഷ്ടിയായിരുന്നു എന്ന് അദ്ദേഹം അംഗീകരിക്കുന്നു. സിഎന്‍എന്‍ ചാനലിന്റെ ഫരീദ് സകരിയ 'യുദ്ധക്കുറ്റവാളി' എന്ന വാക്കാണ് അഭിമുഖത്തിനിടയില്‍ പ്രയോഗിക്കുന്നത്. തീര്‍ച്ചയായും ബുഷും ബ്ലെയറും യുദ്ധക്കുറ്റവാളികള്‍ തന്നെയാണ്. മനുഷ്യരാശിയുടെ ഒരു വലിയ ഭാഗത്തെ കടുത്ത പ്രതിസന്ധികളിലേക്കു നയിച്ചത് ഈ രണ്ടു പേരുമാണ്. അവര്‍ അതിനു വിചാരണ ചെയ്യപ്പെടുക തന്നെ വേണം. ബ്രിട്ടനില്‍ ഇറാഖ് യുദ്ധത്തിലെ തങ്ങളുടെ പങ്ക് സംബന്ധിച്ച ജോണ്‍ ചില്‍കോട്ടിന്റെ അന്വേഷണ റിപോര്‍ട്ട് പുറത്തുവരുന്നതോടെ ഈ ആവശ്യം ആഗോളതലത്തില്‍ തന്നെ ഉയര്‍ത്തപ്പെടും എന്നു തീര്‍ച്ചയാണ്.
Next Story

RELATED STORIES

Share it