യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി

തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ടുനിന്ന തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ യുഡിഎഫില്‍ സീറ്റ് ധാരണയായി. കോണ്‍ഗ്രസ്സിലെ സ്ഥാനാര്‍ഥി നിര്‍ണയതര്‍ക്കങ്ങള്‍ക്കിടെ ഘടകകക്ഷികളെ സമ്മര്‍ദ്ദത്തിലാക്കിയാണ് സീറ്റുവിഭജനത്തില്‍ സമവായത്തിലെത്തിയത്.
നിലവിലെ ധാരണപ്രകാരം കോണ്‍ഗ്രസ് 87 സീറ്റുകളിലും മുസ്‌ലിംലീഗ് 24 സീറ്റുകളിലും മല്‍സരിക്കും. കേരളാ കോണ്‍ഗ്രസ് (എം) 15, ജെഡിയു 7, ആര്‍എസ്പി 5, കേരളാ കോണ്‍ഗ്രസ് (ജേക്കബ്), സിഎംപി ഒന്നുവീതം സീറ്റുകളിലും മല്‍സരിക്കും. അതേസമയം, അങ്കമാലിയുടെ പേരില്‍ ഇടഞ്ഞുനില്‍ക്കുന്ന ജേക്കബ് വിഭാഗത്തിന് ഒരുസീറ്റ് കൂടി നല്‍കാനും ആലോചന നടക്കുന്നതായാണ് സൂചന.
ലീഗിന്റെ കൈവശമുള്ള ഇരവിപുരം ആര്‍എസ്പിക്ക് വിട്ട്‌നല്‍കിയതോടെ പകരം സീറ്റിന്റെ കാര്യത്തില്‍ ധാരണയായിരുന്നില്ല. ചടയമംഗലം നല്‍കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചെങ്കിലും വഴങ്ങാതിരുന്നതോടെ പുനലൂര്‍ വിട്ടുനല്‍കി ഒത്തുതീര്‍പ്പിലെത്തിയിട്ടുണ്ട്.
കൂടാതെ കുന്ദമംഗലം കോണ്‍ഗ്രസ്സിനു നല്‍കിയ ലീഗ് ബാലുശ്ശേരി ഏറ്റെടുക്കുകയും ചെയ്തു. കേരളാ കോണ്‍ഗ്രസ്(എം) കഴിഞ്ഞ തവണ മല്‍സരിച്ച 15 സീറ്റുകളില്‍ തന്നെ ഇത്തവണയും മല്‍സരിക്കും. കെ സി ജോസഫും പി സി ജോര്‍ജും പാര്‍ട്ടി വിട്ട സാഹചര്യത്തില്‍ കുട്ടനാട്, പൂഞ്ഞാര്‍ സീറ്റുകള്‍ വച്ചുമാറാന്‍ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് താല്‍പര്യപ്പെട്ടിരുന്നു. എന്നാല്‍, കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ വിശ്വസ്തനായ ജോണ്‍സണ്‍ ഏബ്രഹാം കുട്ടനാട്ടിലും ടോമി കല്ലാനി പൂഞ്ഞാറിലും സ്ഥാനാര്‍ഥിയാവുമെന്ന് വന്നതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഇക്കാര്യത്തില്‍ നിലപാട് മയപ്പെടുത്തി.
കോണ്‍ഗ്രസ്(എം) സിറ്റിങ് എംഎല്‍എമാര്‍ എല്ലാവരും അതത് മണ്ഡലങ്ങളില്‍ ഇത്തവണയും മല്‍സരിക്കും.
തിരുവല്ലയില്‍ ജോസഫ് എം പുതുശ്ശേരിയും ഏറ്റുമാനൂരില്‍ തോമസ് ചാഴിക്കാടനും സ്ഥാനാര്‍ഥികളാവും. സീറ്റുകള്‍ വച്ചുമാറണമെന്ന നിലപാടില്‍ ഉറച്ചുനിന്ന ജെഡിയു കല്‍പ്പറ്റ, കൂത്തുപറമ്പ്, വടകര, എലത്തൂര്‍, മട്ടന്നൂര്‍, അമ്പലപ്പുഴ, നേമം സീറ്റുകളില്‍ ജനവിധി തേടും.
ഏഴു സീറ്റ് ആവശ്യപ്പെട്ട ആര്‍എസ്പി അഞ്ചു സീറ്റുകളില്‍ മല്‍സരിക്കും. സീറ്റ് കുറഞ്ഞതിലും പ്രതീക്ഷിച്ച സീറ്റുകള്‍ കിട്ടാത്തതിലും ആര്‍എസ്പിക്ക് അസംതൃപ്തിയുണ്ട്. സി പി ജോണ്‍ നയിക്കുന്ന സിഎംപിക്ക് നേരത്തേ തന്നെ കുന്ദംകുളം നല്‍കിയിരുന്നു. കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന് പിറവം സീറ്റ് മാത്രമേയുള്ളു. പിറവം നേരത്തേ സ്വന്തമാക്കി അങ്കമാലിക്ക് വേണ്ടിയുള്ള അവരുടെ സമ്മര്‍ദം ഫലം കണ്ടില്ല.
Next Story

RELATED STORIES

Share it