World

യുഎസ് ഉദ്യോഗസ്ഥര്‍ ഉത്തര കൊറിയയില്‍

പ്യോങ്‌യാങ്: ട്രംപ്-കിം ഉച്ചകോടിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി യുഎസ് ഉദ്യോഗസ്ഥര്‍ ഉത്തര കൊറിയയിലെത്തി. താനും കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ക്കായി യുഎസ് സംഘം ഉത്തര കൊറിയയിലെത്തിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.
ഉത്തര കൊറിയക്ക് തേജോമയമായ സാധ്യതയുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. ഒരു ദിവസം വലിയ സാമ്പത്തിക രാഷ്ട്രമായി മാറും. ഇക്കാര്യം കിം ജോങ് ഉന്നും സമ്മതിക്കുന്നുണ്ട്. അതു സംഭവിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഉത്തര കൊറിയന്‍, യുഎസ് വിദേശകാര്യ മന്ത്രിമാര്‍ കൊറിയന്‍ അതിര്‍ത്തിയിലെ പാന്‍മുന്‍ജോമില്‍ വച്ചാണു കൂടിക്കാഴ്ച നടത്തിയത്. ഫിലിപ്പീന്‍സിലെ യുഎസ് അംബാസഡര്‍ സുങ് കിംമ്മിന്റെ നേതൃത്വത്തിലുള്ള യുഎസ് സംഘമാണ് ഉച്ചകോടിക്ക് മുമ്പുള്ള ചര്‍ച്ചകള്‍ക്കായി ഉത്തര കൊറിയയിലെത്തിയത്. നേരത്തെ ദക്ഷിണ കൊറിയയിലെ യുഎസ് അംബാസഡറായിരുന്നു സുങ്.
ജൂണ്‍ 12നാണു സിംഗപ്പൂരില്‍ വച്ച് ട്രംപ്-കിം ഉച്ചകോടി നടക്കുന്നത്. ഇതിനുള്ള തയ്യാറെടുപ്പുകള്‍ക്കായി വൈറ്റ്ഹൗസ് ഉപമേധാവി ജോ ഹാഗിനിന്റെ നേതൃത്വത്തിലുള്ള സംഘം സിംഗപ്പൂരിലേക്കു തിരിച്ചതായും റിപോര്‍ട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലില്‍ ഉത്തര, ദക്ഷിണ കൊറിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ മേഖലയെ ആണവ നിരായുധീകരിക്കാന്‍ ധാരണയായിരുന്നു. ഉച്ചകോടിക്കിടെ ഉത്തര കൊറിയയുമായി മുന്‍കൂട്ടി നിശ്ചയിച്ച അജണ്ടയിലില്ലാത്ത ചര്‍ച്ചകളും നടത്തണമെന്നു ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it