Pathanamthitta local

യാത്രയ്ക്ക് വിസമ്മതിക്കുന്ന ഓട്ടോകള്‍ക്കെതിരേ നടപടി



പത്തനംതിട്ട: അമിത കൂലി വാങ്ങുകയും ഓട്ടം വിളിച്ചാല്‍ പോവാന്‍ താല്‍പര്യം കാണിക്കാത്തതുമായ ഓട്ടോറിക്ഷക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കാന്‍ സംസ്ഥാന ബാലാവാകാശ കമ്മീഷന്‍ ഉത്തരവിട്ടു. പത്തനംതിട്ട റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ക്കും ലീഗല്‍ മെട്രോളജി വകുപ്പ് അസിസ്റ്റന്റ് കണ്‍ട്രോളര്‍ക്കുമാണ് കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍  ചട്ടം 35 പ്രകാരമുള്ള ഉത്തരവ്. പത്തനംതിട്ട ആനപ്പാറ സ്വദേശി തോലിയാനിക്കര വീട്ടില്‍ സി റഷീദാണ് പത്തനംതിട്ട നഗരസഭാ പരിധിയിലെ ആയിരത്തില്‍ അധികം വരുന്ന ഓട്ടോ റിക്ഷകളില്‍ പലതിന്റെയും മീറ്ററുകള്‍ പ്രവര്‍ത്തന സജ്ജമല്ലെന്നും യാത്രക്കാരില്‍ നിന്നും അമിത ചാര്‍ജാണ് പലപ്പോഴും ഓട്ടോ റിക്ഷ ഡ്രൈവര്‍മാര്‍ ഈടാക്കുന്നതനെന്നും ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷനെ സമീപിച്ചത്. ദൂര കൂടുതലോ, ദൂര കുറവോ ഉള്ള സ്ഥലത്തേക്ക് യാത്ര പോവാന്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ താല്‍പര്യം കാണിക്കാറില്ലെന്നും പരാതിയില്‍ പറയുന്നു. ഇത്തരം സാഹചര്യങ്ങളില്‍ കുട്ടികളും യാത്രക്കാരായ സന്ദര്‍ഭങ്ങള്‍ ഉള്ളതിനാല്‍ കമ്മീഷന്‍ ഇടപെടണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. പരാതിക്കാസ്പദമായ വിഷയം ബാലാവകാശ ലംഘനത്തിന്റെ പരിധിയി ല്‍പ്പെടുത്താന്‍ കഴിയില്ല. പരാതിയില്‍ പറഞ്ഞിട്ടുള്ളതുപോലുള്ള സാമ്പത്തിക  കാര്യങ്ങള്‍ കുട്ടികളെ നേരിട്ട് ബാധിക്കുന്ന ഒന്നല്ലെന്നും കമ്മീഷന്‍ വിലയിരുത്തുന്നു. എന്നാല്‍ പാരാതി വിഷയം ഗൗരവതരവും അധികാരികളുടെ കാര്യക്ഷമമായ ഇടപെടല്‍ അര്‍ഹിക്കുന്നതുമാണെന്നും കമ്മീഷന്‍ വിലയിരുത്തി. ഈ സാഹചര്യത്തിലാണ് ബന്ധപ്പെട്ട ഉദ്യേഗസ്ഥരുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കമ്മീഷന്‍ ഉത്തരവിട്ടത്. പത്തനംതിട്ടയില്‍ മിനിമം ചാര്‍ജിന് ഓട്ടം പോവുന്നതിന് ഓട്ടോ റിക്ഷ ഡ്രൈവര്‍മാര്‍ വിസമ്മതിക്കുന്നതും നഗരത്തിലെ വണ്‍വേയുടെ പേര് പറഞ്ഞ് ഇരട്ടിയില്‍ അധികം തുക ഈടാക്കുന്നതും പതിവായ സാഹചര്യത്തില്‍ നഗരസഭാ ബസ് സ്റ്റാന്റിന് സമീപം പ്രീപെയ്ഡ് ഓട്ടോ കൗണ്ടര്‍ തുടങ്ങണമെന്നാവശ്യവും ശക്തമാണ്.
Next Story

RELATED STORIES

Share it