യാത്രക്കാരെ നിര്‍ത്താന്‍ പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി/തിരുവനന്തപുരം: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് ബസ്സുകളില്‍ യാത്രക്കാരെ നിര്‍ത്തിക്കൊണ്ട് സര്‍വീസ് പാടില്ലെന്ന് ഹൈക്കോടതി. പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍ നല്‍കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.ഈ ബസ്സുകളില്‍ ഈടാക്കുന്ന ഉയര്‍ന്ന യാത്രാനിരക്ക് റദ്ദാക്കണം, യാത്രക്കാരെ നിര്‍ത്തിക്കൊണ്ടുപോവരുത് എന്നീ ആവശ്യങ്ങളാണ് ഹരജിയില്‍ ഉന്നയിച്ചത്.
മോട്ടോര്‍വാഹന ചട്ടത്തിലെ വ്യവസ്ഥയനുസരിച്ച് സൂപ്പര്‍ ക്ലാസ് വിഭാഗത്തിലെ ബസ്സുകളില്‍ യാത്രക്കാര്‍ക്ക് തിക്കും തിരക്കുമില്ലാതെ സുഖമായി യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കണം. ഇതിനായി കൂടുതല്‍ തുക ഈടാക്കാമെന്നുമുണ്ട്. ഇതനുസരിച്ചാണ് സൂപ്പര്‍ ക്ലാസ് ബസ്സുകള്‍ സര്‍വീസ് നടത്തുന്നത്. ഇത്തരം ബസ്സുകളില്‍ യാത്രക്കാരെ നിര്‍ത്തി ക്കൊണ്ടുപോകാനാവുമെന്ന് കെഎസ്ആര്‍ടിസിക്ക് അഭിപ്രായമില്ല. ആ നിലയ്ക്ക് ഈ വ്യവസ്ഥയില്‍ മാറ്റം വരുത്താതെ കൂടുതല്‍ തുക ഈടാക്കി യാത്രക്കാരെ സൂപ്പര്‍ ക്ലാസ് വിഭാഗത്തിലെ ബസ്സുകളില്‍ നിര്‍ത്തിക്കൊണ്ടുപോവാന്‍ കഴിയില്ല. ഈ വ്യവസ്ഥ പാലിക്കാന്‍ കെഎസ്ആര്‍ടിസിക്ക് ബാധ്യതയുണ്ടെന്നും ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ പറയുന്നു.
അതേസമയം, ഹൈക്കോടതി ഉത്തരവിനെതിരേ പുനപ്പരിശോധനാ ഹരജി നല്‍കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് മേധാവി എ ഹേമചന്ദ്രന്‍. മോട്ടോര്‍വാഹന ചട്ടത്തില്‍ ഭേദഗതി വേണമെന്നും അദ്ദേഹം പറഞ്ഞു. കോടതിവിധി മറ്റുതരത്തില്‍ വിലയിരുത്തുന്നത് യുക്തിസഹമായിരിക്കില്ല. എന്നാല്‍, ഇതുമൂലം പൊതുസമൂഹത്തിനും കെഎസ്ആര്‍ടിസിക്കും ഉണ്ടാവുന്ന പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം . ഈ ആവശ്യം ഉന്നയിച്ച് സര്‍ക്കാരിന് കത്തു നല്‍കിയെന്നും എംഡി വ്യക്തമാക്കി.
വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വിധിക്കെതിരേ റിവ്യൂ ഹരജി നല്‍കുന്നതിനൊപ്പം യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുമെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it