യവനികയ്ക്കപ്പുറം മറഞ്ഞു നാടകാചാര്യന്‍

ആലപ്പുഴ: കുട്ടനാടന്‍ വാമൊഴിവഴക്കങ്ങളെ അതിരുകളില്ലാത്ത ലോകത്തേക്കെത്തിച്ച മലയാളത്തിന്റെ നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ തിരശ്ശീലക്കപ്പുറം മറഞ്ഞു. കലാപ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ഹരിശ്രീ കുറിച്ച കാവാലത്തെ ശ്രീഹരിയെന്ന സ്വന്തം വീട്ടുവളപ്പില്‍ മൂത്തമകന്‍ ഹരികൃഷ്ണന്‍ അന്ത്യവിശ്രമം കൊള്ളുന്നതിന് തൊട്ടുചേര്‍ന്നായിരുന്നു കലാകാരണവര്‍ക്ക് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ചിതയൊരുക്കിയത്.
വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം ഞായറാഴ്ച രാത്രി 10ന് തിരുവനന്തപുരത്തായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കാവാലത്തെ അദ്ദേഹത്തിന്റെ കുടുംബവീടായ ചാലയില്‍ തറവാട്ടില്‍ ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് തിരുവനന്തപുരത്തെ വസതിയായ സോപാനത്തില്‍ നിന്ന് ഭൗതിക ശരീരമെത്തിച്ചത്. പുലര്‍ച്ചെതന്നെ നാടിന്റെ നാനഭാഗങ്ങളില്‍നിന്ന് ആരാധകരും ശിഷ്യഗണങ്ങളുമടങ്ങുന്ന വന്‍ജനാവലി അദ്ദേഹത്തെ അവസാനമായി ഒരുനോക്കുകാണാന്‍ ചാലയില്‍ തറവാട്ടിലേക്ക് ഒഴുകിയെത്തിയിരുന്നു.
10 മണിയോടെ സമീപ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളും അധ്യാപകരും കൂടിയെത്തിയതോടെ ചാലയില്‍ തറവാട് ജനസാഗരമായി. രണ്ടരവരെ ചാലയില്‍ തറവാട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമായിരുന്നു അര കിലോമീറ്റര്‍ അകലെയുള്ള അദ്ദേഹത്തിന്റെ സ്വന്തം വീടായ ശ്രീഹരിയിലേക്ക് ഭൗതികശരീരം വിലാപയാത്രയോടെ എത്തിച്ചത്. ചലച്ചിത്ര- നാടക രംഗത്തെയും സാംസ്‌കാരിക- രാഷ്ട്രീയ രംഗത്തെയും പ്രമുഖര്‍ക്കൊപ്പം നൂറുകണക്കിന് നാട്ടുകാരും വിലാപയാത്രയില്‍ അണിചേര്‍ന്നു. രണ്ട് മണിക്കൂറിലേറെ ഇവിടെയും പൊതുദര്‍ശനത്തിന് വച്ചു. ഇവിടെ സിനിമാതാരം നെടുമുടി വേണുവിന്റെ നേതൃത്വത്തില്‍ ശിഷ്യരും കാവാലം രൂപംകൊടുത്ത കുരുന്നുകൂട്ടത്തിലെ കുട്ടികളും ചേര്‍ന്ന് സോപാനസംഗീതവും കാവാലത്തിന്റെ കവിതകളും ഉള്‍പ്പെടുത്തിയ ഗാനാഞ്ജലി ആചാര്യന് സമര്‍പ്പിച്ചു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, സുരേഷ് ഗോപി, സംവിധായകന്‍ ഫാസില്‍, നെടുമുടിവേണു, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങിന് സാക്ഷ്യംവഹിക്കാനെത്തിയിരുന്നു. നാലുമണിയോടെ അന്ത്യകര്‍മങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികള്‍ അര്‍പ്പിച്ചതിനുശേഷം പമ്പയാറിന്റെ തീരത്തൊരുക്കിയ ചിതയില്‍ ഇളയമകനായ ഗായകന്‍ കാവാലം ശ്രീകുമാര്‍ വൈകീട്ട് 5.30ന് തീപകര്‍ന്നതോടെ മലയാളത്തിന്റെ നാടകാചാര്യന്‍ തിരശ്ശീലക്കപ്പുറം മറഞ്ഞു.
Next Story

RELATED STORIES

Share it