Flash News

യമുനാ നദീതീരത്തെ പരിസ്ഥിതിനാശം : ശ്രീ ശ്രീ രവിശങ്കറിന് ഹരിത ട്രൈബ്യൂണലിന്റെ രൂക്ഷവിമര്‍ശനം



ന്യൂഡല്‍ഹി: ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ രൂക്ഷവിമര്‍ശനം. യമുനാ നദീതീരത്ത് ആര്‍ട്ട് ഓഫ് ലിവിങിന്റെ നേതൃത്വത്തില്‍ നടത്തിയ ലോക സാംസ്‌കാരികോല്‍സവം മൂലമുണ്ടായ പരിസ്ഥിതിനാശത്തിന് ഡല്‍ഹി സര്‍ക്കാരും ദേശീയ ഹരിത ട്രൈബ്യൂണലുമാണ് ഉത്തരവാദിയെന്ന രവിശങ്കറിന്റെ പ്രസ്താവനയാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. നിങ്ങള്‍ക്ക് ഉത്തരവാദിത്തബോധമില്ല. തോന്നുന്നതെല്ലാം വിളിച്ചുപറയാന്‍ ആരാണ് അധികാരം തന്നതെന്ന് ട്രൈബ്യൂണല്‍ ചെയര്‍പേഴ്‌സന്‍ ജസ്റ്റിസ് സ്വതന്തര്‍കുമാര്‍ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. രവിശങ്കറിന്റെ പ്രതികരണം ഞെട്ടിക്കുന്നതാണെന്നും ബെഞ്ച് പറഞ്ഞു. കേസില്‍ വാദം കേള്‍ക്കുന്നത് അടുത്തമാസം ഒമ്പതിലേക്ക് നീട്ടി. ആര്‍ട്ട് ഓഫ് ലിവിങ് പരിപാടി നടത്താന്‍ അനുമതി നല്‍കിയത് ട്രൈബ്യൂണലും കേന്ദ്രസര്‍ക്കാരും ഡല്‍ഹി സര്‍ക്കാരുമാണെന്നും പരിപാടിയുടെ ഭാഗമായി യമുനാ തീരത്ത് എന്തെങ്കിലും നാശമുണ്ടായിട്ടുണ്ടെങ്കില്‍ അതിന് ഇവര്‍ക്കെല്ലാം ഉത്തരവാദിത്തമുണ്ടെന്നുമാണ് രവിശങ്കര്‍ ഫേസ്ബുക്കിലും ആര്‍ട്ട് ഓഫ് ലിവിങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും മാധ്യമങ്ങള്‍ക്കു നല്‍കിയ പ്രസ്താവനയിലും വ്യക്തമാക്കിയത്.  യമുനാ നദി സംരക്ഷിക്കുന്നതിനുള്ള ബോധവല്‍ക്കരണമാണ് സാംസ്‌കാരികോല്‍സവം കൊണ്ട് ഉദ്ദേശിച്ചിരുന്നത്. ആര്‍ട്ട് ഓഫ് ലിവിങ് 27 നദികള്‍ പുനരുജ്ജീവിപ്പിക്കുകയും 71 കോടി വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുകയും നിരവധി തടാകങ്ങള്‍ ശുചീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും രവിശങ്കര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 11 മുതല്‍ 13 വരെയാണ് പരിപാടി നടന്നത്. നദീതീരത്ത് വന്‍ നാശമുണ്ടായെന്നു ചൂണ്ടിക്കാട്ടി ട്രൈബ്യൂണല്‍ ആര്‍ട്ട് ഓഫ് ലിവിങിന് അഞ്ചു കോടി രൂപയാണ് പിഴ വിധിച്ചത്.
Next Story

RELATED STORIES

Share it