World

യമന്‍: ഹുദൈദയില്‍ സൗദി സഖ്യം ആക്രമണം തുടങ്ങി

സന്‍ആ: യമനില്‍ ഹൂഥികളുടെ നിയന്ത്രണത്തിലുള്ള തുറമുഖ നഗരമായ ഹുദൈദയില്‍ സൗദി അറേബ്യന്‍ സഖ്യം ആക്രമണം തുടങ്ങി. മൂന്നു വര്‍ഷത്തിനിടെ ഹൂഥി വിമതര്‍ക്കു നേരെ നടക്കുന്ന ഏറ്റവും രൂക്ഷമായ ആക്രമണമാണിതെന്നാണു റിപോര്‍ട്ട്.
ബുധനാഴ്ച രാവിലെയാണു സഖ്യസേന യമന്‍ സൈന്യത്തിന്റെ പിന്തുണയോടെ  ഹൂഥി കേന്ദ്രങ്ങള്‍ക്കു നേരെ വ്യോമാക്രമണം തുടങ്ങിയതെന്നു  അന്താരാഷ്ട്ര അംഗീകാരമുള്ളപ്രവാസി സര്‍ക്കാര്‍ അറിയിച്ചു. ഹുദൈദയില്‍ നിന്നു ഹൂഥികളെ പുറത്താക്കാനുള്ള എല്ലാ  രാഷ്ട്രീയനീക്കങ്ങളും നടത്തിക്കഴിഞ്ഞതായും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അതേസമയം നഗരത്തില്‍ ഹൂഥി സൈന്യത്തെയും ടാങ്കറുകളും വ്യന്യസിപ്പിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബുധനാഴ്ച രാവിലെ അരമണിക്കൂറിനിടെ ഹുദൈദയില്‍ 30 വ്യോമാക്രമണങ്ങള്‍ നടത്തിയതായി അന്താരാഷ്ട്ര നിരീക്ഷകര്‍ അറിയിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിവിലിയന്‍മാര്‍ കുടുങ്ങിക്കിടക്കുന്നതായാണു റിപോര്‍ട്ട്. പ്രദേശത്തു നിന്നു കൂട്ടപ്പലായനം തുടങ്ങിയിട്ടുണ്ട്.
ഹുദൈദയിലെ നിഖീല പ്രദേശം നിയന്ത്രണത്തിലായതായി സഖ്യസേന അറിയിച്ചു.
Next Story

RELATED STORIES

Share it