Gulf

യമനിലേക്ക് ഖത്തറില്‍ നിന്ന് പ്രതീക്ഷാ കപ്പല്‍

ദോഹ: 4000 ടണ്‍ ഭക്ഷ്യ വസ്തുക്കളുമായുള്ള സഹായ കപ്പല്‍ യമനിലേക്ക് അയക്കുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ ആരംഭിച്ചതായി ശെയ്ഖ് ഈദ് ചാരിറ്റി ഫൗണ്ടേഷന്‍, ശെയ്ഖ് ഥാനി ബിന്‍ അബ്ദുല്ല ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍(റാഫ്) അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
യമനിലെ സംഘര്‍ഷ ഭൂമിയിലെ 3,40,000 പേര്‍ക്ക് പ്രയോജനപ്പെടുന്നതാണ് ഈ സഹായ പദ്ധതി.
ഒരു കോടി റിയാലാണ് പ്രതീക്ഷാ കപ്പല്‍ തയ്യാറാക്കുന്നതിനും യമനിലേക്ക് അയക്കുന്നതിനുമുള്ള ചെലവ്. കഴിഞ്ഞ വ്യാഴാഴ്ച ഒപ്പുവച്ച കരാര്‍ അടിസ്ഥാനത്തില്‍ ഈദ് ചാരിറ്റിയും റാഫും സംയുക്തമായാണ് ഇതിന്റെ ചെലവ് വഹിക്കുന്നത്.
റാഫിനെ പ്രതിനിധീകരിച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് സലാഹ് ഇബ്രാഹിമും ഈദ് ചാരിറ്റിയെ പ്രതിനിധീകരിച്ച് വിദേശ പദ്ധതി വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലി ബിന്‍ ഖാലിദ് അല്‍ഹാജിരിയുമാണ് സഹകരണ കരാറില്‍ ഒപ്പുവച്ചത്.
ഈ മാസം അവസാനത്തോടെ കപ്പല്‍ യമനിലെത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റാഫ് പ്രതിനിധി ഖാലിദ് അല്‍ഹാജിരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു ടണ്‍ സഹായ വസ്തുക്കള്‍ക്ക് 2500 റിയാലാണ് ചെലവ്.
ഒരു ടണ്‍ ഭക്ഷ്യ പദാര്‍ഥങ്ങള്‍ 85 പേര്‍ക്ക് ഒരു മാസത്തേക്ക് മതിയായതാണ്.
സംഘര്‍ഷ മേഖലയിലെ കുടുംബങ്ങള്‍, ഖുര്‍ആന്‍ സയന്‍സ് ആന്റ് ഹിഫ്ദ് സ്‌കൂളിലെയും സയന്‍സ് സ്‌കൂളിലെയും വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍, ആഭ്യന്തര അഭയാര്‍ഥികള്‍, സിറിയ, സോമാലിയ, എരിത്രിയ എന്നിവിടങ്ങളില്‍ നിന്നുമെത്തി യമനില്‍ അഭയാര്‍ഥികളായി കഴിയുന്നവര്‍ എന്നീ നാല് വിഭാഗങ്ങള്‍ക്കാണ് ഈ സഹായം പ്രയോജനപ്പെടുക.
Next Story

RELATED STORIES

Share it