kannur local

യന്ത്രത്തകരാര്‍; ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയ മുടങ്ങി



കണ്ണൂര്‍: ഓപറേഷന്‍ തിയേറ്ററിലെ യന്ത്രം തകരാറായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ നിര്‍ത്തിവച്ചു. അസ്ഥിരോഗ വിഭാഗത്തിലെ ശസത്രക്രിയകള്‍ മുടങ്ങി. ഏറെക്കാലത്തെ മുറവിളിക്കൊടുവില്‍ ഒന്നരവര്‍ഷം മുമ്പാണ് തിയേറ്ററിലേക്ക് 36 ലക്ഷം രൂപ ചെലവില്‍ എക്‌സ്‌റേ മെഷീന്‍ വാങ്ങിയത്. ഓപറേഷന്‍ വേളയില്‍ രോഗിയുടെ അസ്ഥിസംബന്ധമായ കാര്യങ്ങള്‍ കണ്ടെത്താനാണു യന്ത്രം സ്ഥാപിച്ചത്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി യന്ത്രത്തോടനുബന്ധിച്ചുള്ള ഇന്‍വേട്ടര്‍ തകരാറിലായിട്ടും അധികൃതര്‍ നന്നാക്കിയിട്ടില്ല. ഇതേത്തുടര്‍ന്നാണ് ഡോക്്ടര്‍മാര്‍ ശസ്ത്രക്രിയകള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. ഇതു കാരണം നാലു രോഗികള്‍ ശസ്ത്രക്രിയ നടത്താനാവിതെ ദുരിതാവസ്ഥയില്‍ കഴിയുകയാണ്. നേരത്തേ ഓപറേഷന്‍ തിയ്യതി തീരുമാനിച്ച് ആശുപത്രിയില്‍ പ്രവേശനം നേടിയ രോഗികളാണ് ദുരിതത്തിലായത്. നേരത്തേ, ജില്ലാ ആശുപത്രിയിലെ സൂപ്രണ്ടും ഡോക്്ടര്‍മാരും തമ്മിലുള്ള ശീതസമരത്തെ തുടര്‍ന്ന് പ്രത്യക്ഷ സമരം നടന്നതിനാല്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ തന്നെ നേരിട്ടെത്തി താക്കീത് നല്‍കിയിരുന്നു. തര്‍ക്കം തുടര്‍ന്നാല്‍ സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. മാത്രമല്ല, ജില്ലാ ആശുപത്രിയില്‍ കോടികളുടെ വികസന പദ്ധതികള്‍ക്കായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇവിടുത്തെ ഫാര്‍മസി സേവനം 24 മണിക്കൂറുമാക്കി ഉയര്‍ത്തിയത്. ഈ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഡിഎംഒയും ഉള്‍പ്പെടെ പങ്കെടുത്തിട്ടും അധികൃതര്‍ വിഷയം ശ്രദ്ധയില്‍പെടുത്തിയില്ലെന്നാണു സൂചന. ഇത്തരത്തില്‍ അധികൃതരുടെ അവഗണന കാരണം, നിരവധി രോഗികള്‍ക്ക് ആശ്രയമാവുന്ന ജില്ലാ ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തില്‍ ശസ്ത്രക്രിയ മുടങ്ങിയത് രോഗികളെ ഏറെ ദുരിതത്തിലാഴ്ത്തുന്നുണ്ട്.
Next Story

RELATED STORIES

Share it