യഥാസമയം വിവരം നല്‍കാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഭാവിയില്‍ കടല്‍ക്ഷോഭം അടക്കമുള്ളവയെ സംബന്ധിച്ച മുന്നറിയിപ്പുകള്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് യഥാസമയം നല്‍കാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തും. ഓരോ മല്‍സ്യത്തൊഴിലാളിക്കും വ്യക്തിപരമായി മുന്നറിയിപ്പ് സന്ദേശം എത്തുന്ന രീതിയിലാവും ക്രമീകരണം നടത്തുന്നത്.
രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന നാവികസേന, വ്യോമസേന, കോസ്റ്റ്ഗാര്‍ഡ് എന്നിവര്‍ക്ക് സംസ്ഥാനം നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ സഹായവും ലഭിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളുടെ ഭാഗത്ത്‌നിന്നു നല്ല രീതിയിലുള്ള ഇടപെടലുണ്ടായി. ഇതിനൊപ്പം വളരെ ക്രിയാത്മകമായി പ്രവര്‍ത്തിച്ച മല്‍സ്യമേഖലയിലെ വിവിധ സംഘടനകള്‍, സാമൂഹികപ്രവര്‍ത്തകര്‍, വിവിധ സഭകള്‍ എന്നിവരുടെ സേവനവും സ്മരണീയമാണ്.
നമ്മുടെ നാട്ടില്‍ ഇത്തരമൊരു ദുരന്തം അപൂര്‍വമാണ്. കടലില്‍ മല്‍സ്യബന്ധനത്തിനിടെ മരണപ്പെടുന്നവര്‍ക്ക് സാധാരണയായി നാലു ലക്ഷമാണ് നല്‍കുന്നത്. എന്നാല്‍, ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് അത് പത്തു ലക്ഷമായി വര്‍ധിപ്പിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനിടെ പല വ്യാജവാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. ജപ്പാന്‍ കപ്പല്‍ മല്‍സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയെന്ന വാര്‍ത്ത പടച്ചത് അത്തരത്തിലാണ്. ഇത് ചിലരുടെ മാനസിക രോഗത്തിന്റെ ഭാഗമായിട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
അതേസമയം, ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങി പരിക്കേറ്റവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ചികില്‍സയില്‍ കഴിയുന്നവരെയാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്. ചികില്‍സയില്‍ കഴിയുന്നവരുടെ ആരോഗ്യവിവരങ്ങള്‍ നേരിട്ടറിയാനും ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാനുമാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയത്.
പരിക്കേറ്റേവരുടെ ചികില്‍സയില്‍ ഒരുതരത്തിലുമുള്ള അലംഭാവവും ഉണ്ടാവില്ലെന്നും സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.മെഡിക്കല്‍ കോളജില്‍ 40 പേരും ജനറല്‍ ആശുപത്രിയില്‍ 50 പേരുമാണ് ചികില്‍സയില്‍ കഴിയുന്നത്.
ചികില്‍സയിലുള്ള എല്ലാവരെയും കണ്ടു. ആരും പരാതിയൊന്നും പറഞ്ഞിട്ടില്ല. ചികില്‍സകള്‍ സുഗമമായി നടക്കുന്നു. കാലാവസ്ഥയില്‍ മാറ്റംവന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, രാജീവ് സദാനന്ദന്‍, ഡോ. ജോബി ജോണ്‍, ഡോ. സന്തോഷ്‌കുമാര്‍, എച്ച്ഡിഎസ് അംഗം ഡി ആര്‍ അനില്‍ എന്നിവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it