Editorial

മോദി സ്തുതിക്ക് 4000 കോടി

പ്രഫ:  കെ  അരവിന്ദാക്ഷന്‍
എട്ടുകാലി മമ്മൂഞ്ഞ് എന്ന പേരില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു ജനപ്രിയ കഥാപാത്രമുണ്ട്. എന്തും ഏതും തന്റെ നേട്ടമാണ്, കഴിവാണ് എന്നു വീമ്പിളക്കുന്നതില്‍ കുപ്രസിദ്ധി നേടിയ ഈ കഥാപാത്രം മലയാളഭാഷയില്‍ ഒരു ശൈലിയായി തീര്‍ന്നിരിക്കുകയാണ്. മറ്റുള്ളവര്‍ നേടിയതെല്ലാം സ്വന്തം നേട്ടങ്ങളായി അവകാശപ്പെടുകയും പ്രചരിപ്പിക്കുകയും ചെയ്യുക ഇത്തരക്കാരുടെ പതിവാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ സ്വന്തം ഭരണനേട്ടങ്ങളുടെ പട്ടിക തയ്യാറാക്കിവച്ചിരിക്കുന്നത് ഒരാവര്‍ത്തി വായിച്ചുനോക്കുന്ന ഏതൊരാള്‍ക്കും തോന്നുക ഈ സര്‍ക്കാര്‍ എട്ടുകാലി മമ്മൂഞ്ഞുമാരുടെ ഒരു 'പരിവാരം' ആണെന്നാണ്. ഇതിനകം തന്നെ 4000 കോടിയിലേറെ നികുതിപ്പണം വിവിധ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനു വിനിയോഗിച്ചു. തന്റേതല്ലാത്ത നേട്ടങ്ങള്‍ പോലും സ്വന്തം ഭരണനിര്‍വഹണത്തിന്റെ ക്രെഡിറ്റായി അവകാശപ്പെടുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒട്ടും മോശക്കാരനല്ല. 'മന്‍ കി ബാത്ത്' എന്ന തന്റെ റേഡിയോ പരിപാടിയും ഇതിനായി ഉപയോഗിക്കുന്നുണ്ട്. നമുക്ക് ചില ദൃഷ്ടാന്തങ്ങള്‍ പരിശോധിക്കാം.
കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം നടപ്പാക്കിയ വിവിധ സാമൂഹികപദ്ധതികളുടെ ഗുണഭോക്താക്കള്‍ മോദി സര്‍ക്കാരിനോടു കടപ്പെട്ടിരിക്കുകയാണെന്നും അതിന്റെ പേരില്‍ അവര്‍ നന്ദി രേഖപ്പെടുത്തണമെന്നുമാണ് അവകാശപ്പെടുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനം അതേപടി പ്രാവര്‍ത്തികമാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കര്‍ശന നിര്‍ദേശവും നല്‍കിക്കഴിഞ്ഞിരിക്കുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രമന്ത്രാലയം നടപ്പാക്കിവരുന്ന ക്ഷേമപദ്ധതികളുടെ വീഡിയോ ചിത്രങ്ങള്‍ തയ്യാറാക്കണമെന്നും അതെല്ലാം മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സാമൂഹികമാധ്യമങ്ങളിലൂടെ പ്രചാരണത്തിനായി ലഭ്യമാക്കണമെന്നും ഈ നിര്‍ദേശങ്ങളുടെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് സന്ദേശം കിട്ടിയിട്ടുമുണ്ട്.
കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയമാണ് സംയോജിത ശിശുവികസന സേവനങ്ങള്‍(ഐസിഡിഎസ്)ക്ക് ഭരണനേതൃത്വം നല്‍കുന്നത്. സേവനങ്ങളുടെ ഒരു വന്‍ശേഖരമാണ് ഇതുവഴി അര്‍ഹരായവര്‍ക്കു കിട്ടുക. മാത്രമല്ല, ഒരു സംയോജിത പദ്ധതിയെന്ന നിലയില്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള സാമൂഹിക പദ്ധതികളില്‍ ഏറ്റവും ബൃഹത്തായൊരു പദ്ധതിയാണിത്. മറ്റു സാമൂഹികപദ്ധതികളില്‍ നിന്നു വ്യത്യസ്തമായി ഐസിഡിഎസ് ആനുകൂല്യങ്ങള്‍ക്കു നിയമപരമായ പിന്തുണയും സാധുതയുമുണ്ട്. മുന്‍ യുപിഎ ഭരണകൂടം ഏറെ പണിപ്പെട്ടു തയ്യാറാക്കി നിയമമാക്കിയ നാഷനല്‍ ഫുഡ് സെക്യൂരിറ്റി ആക്റ്റി(എഫ്എസ്എ)ന്റെ അവിഭാജ്യ ഘടകവുമാണിത്. മറ്റു സാമൂഹിക വികസന-ക്ഷേമ പദ്ധതികളില്‍ നിന്ന് ഐസിഡിഎസിനെ വേറിട്ടുനിര്‍ത്തുന്നതും ഇതാണ്. ദരിദ്ര ജനവിഭാഗങ്ങള്‍ക്കാവശ്യമായ ഭക്ഷണം കൃത്യമായി ലഭ്യമാക്കാനുള്ള ബാധ്യത സര്‍ക്കാരിന്റേതാണെന്ന് അടിവരയിട്ടു പറയുന്നൊരു പദ്ധതികൂടിയാണിതെന്നോര്‍ക്കുക. പാര്‍ലമെന്റിന്റെ മുന്‍കൂര്‍ അറിവോ അനുമതിയോ ഇല്ലാതെ ഈ വ്യവസ്ഥയില്‍ മാറ്റം വരുത്താനോ വെള്ളം ചേര്‍ക്കാനോ സാധ്യമല്ല. മാത്രമല്ല, ഈ പദ്ധതി അക്ഷരാര്‍ഥത്തില്‍ തന്നെ നടപ്പാക്കേണ്ടത് അധികാരത്തിലിരിക്കുന്ന ഭരണകൂടത്തിന്റെ ബാധ്യതയാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയപ്രചാരണത്തിനായി ഇതൊരു നേട്ടമായി ഉയര്‍ത്തിക്കാട്ടുന്നതില്‍ നീതീകരണമില്ല.
എന്നാല്‍, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി മോദി-അമിത്ഷാ-സംഘപരിവാര കൂട്ടുകെട്ട് നികുതിപ്പണം ചെലവാക്കി, സ്വന്തം ഭരണകൂടത്തിന്റെ നാലുവര്‍ഷത്തെ ഭരണനേട്ടങ്ങളുടെ കൂട്ടത്തില്‍ ഈ സാമൂഹിക വികസനപദ്ധതി കൂടി 'ഷോ കേസ്' ചെയ്യാന്‍ ശ്രമിച്ചുവരുകയാണ്. ഇത്തരം പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടി ജനങ്ങളുടെ വോട്ട് നേടാന്‍ ഇതു നിയമമാക്കിയ യുപിഎ സര്‍ക്കാരിനുപോലും അവകാശമില്ലെന്നിരിക്കെയാണ് ഗുണഭോക്താക്കളോട് മോദി സര്‍ക്കാരിന് നന്ദി രേഖപ്പെടുത്താന്‍ കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം നിര്‍ലജ്ജം സര്‍ക്കുലര്‍ വഴി ആവശ്യപ്പെട്ടിരിക്കുന്നത്. 2018 മെയ് 31നു ലഭിച്ച ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കിയതായി വീഡിയോകള്‍ സഹിതം കേന്ദ്രമന്ത്രാലയത്തെ അറിയിക്കാനും ബോധ്യപ്പെടുത്താനും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വെറും നാലുമണിക്കൂര്‍ സമയം മാത്രമാണ് കല്‍പിച്ച് അനുവദിച്ചിരിക്കുന്നതെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് (2018 ജൂണ്‍ 15) റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനെല്ലാം പുറമേ, സംഘപരിവാരത്തിന്റെ താളത്തിനൊത്തു തുള്ളുന്ന മാധ്യമപ്രചാരകര്‍ വഴി വീഡിയോകള്‍ തയ്യാറാക്കുന്നതിനാവശ്യമായ രൂപാവിഷ്‌കാരവും- ഫോര്‍മാറ്റ്- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കിട്ടിക്കഴിഞ്ഞിരിക്കുന്നു.
ഈ ഫോര്‍മാറ്റിന്റെ ഏകദേശ രൂപം ഇങ്ങനെയാണ്: ആദ്യമായി ഗുണഭോക്താവ് സ്വന്തം പേരും താമസസ്ഥലവും രേഖപ്പെടുത്തണം. തുടര്‍ന്ന് കേന്ദ്രപദ്ധതിയിലൂടെ ലഭ്യമായ ഗുണങ്ങള്‍ വിവരിക്കണം. ഏറ്റവുമൊടുവിലായി ഇതിന്റെയെല്ലാം പേരില്‍ മോദി സര്‍ക്കാരിനോടുള്ള നന്ദിയും രേഖപ്പെടുത്തിയിരിക്കണം. ഈ ഫോര്‍മാറ്റിലെ വിവരങ്ങളെല്ലാം കേന്ദ്രമന്ത്രാലയത്തിന്റെ കത്തില്‍ കൃത്യമായി, അക്കമിട്ട് വ്യക്തമാക്കിയിട്ടുണ്ട്. നന്ദി എങ്ങനെ രേഖപ്പെടുത്തണമെന്നുകൂടി വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ''ഞാന്‍ മോദി സര്‍ക്കാരിനോടുള്ള നന്ദി രേഖപ്പെടുത്തുന്നു''- ഇതാണ് നന്ദിവാചകം.
ഇതിനു സമാനമായ നിര്‍ദേശങ്ങളടങ്ങിയ സന്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റേതായി മന്ത്രാലയത്തിനു കീഴിലുള്ള മുഴുവന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലുമുള്ള സംസ്ഥാനതല ഉദ്യോഗസ്ഥര്‍ക്കും അയക്കുകയുണ്ടായി. ഇതിലെ പ്രതിപാദ്യവിഷയം മറ്റൊന്നായിരുന്നു. അതായത്, പ്രധാനമന്ത്രി മാതൃവന്ദന യോജന- പ്രധാനമന്ത്രിയുടെ പ്രസവാനന്തര പദ്ധതിയുടെ ഭാഗമായ നേട്ടങ്ങള്‍. ഇതിലെ നിര്‍ദേശങ്ങള്‍ എന്തായിരുന്നെന്നോ? പിഎംബിഎസ് വഴി ബന്ധപ്പെട്ട ഗുണഭോക്താക്കള്‍ക്കു ലഭ്യമാവുന്ന നേട്ടങ്ങള്‍ സംബന്ധിച്ചുള്ള വീഡിയോകള്‍ തയ്യാറാക്കി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിക്കുക. കഴിഞ്ഞ നാലുവര്‍ഷക്കാലത്തിനിടയില്‍ എന്‍ഡിഎ സര്‍ക്കാര്‍ കൈവരിച്ച വമ്പിച്ച നേട്ടങ്ങള്‍ ജനശ്രദ്ധയിലെത്തിക്കുകയെന്ന ലക്ഷ്യം വച്ച് പ്രധാനമന്ത്രിയുടെ മന്ത്രാലയം തയ്യാറാക്കിയ സന്ദേശത്തിന്റെ ഉള്ളടക്കമായിരുന്നു ഇത്. ഈ വിധത്തിലുള്ള വീഡിയോ റിക്കാഡിങുകള്‍ മൊബൈലുകളിലൂടെയും പ്രചരിപ്പിക്കുകയും വേണം. സംസ്ഥാനതല ഉദ്യോഗസ്ഥര്‍ ഈ നിര്‍ദേശങ്ങള്‍ അങ്ങേയറ്റത്തെ പ്രാധാന്യം അര്‍ഹിക്കുന്നവയായി കണക്കാക്കുകയും ചെയ്യണം. സംസ്ഥാനങ്ങള്‍ തയ്യാറാക്കുന്ന വീഡിയോകള്‍ ഐകരൂപ്യമുള്ളവയാണെന്ന് ഉറപ്പുവരുത്താന്‍ ഒരു മാതൃകാ വീഡിയോ ഓരോ സംസ്ഥാന ഉദ്യോഗസ്ഥര്‍ക്കും കാലേക്കൂട്ടി അയച്ചിരുന്നു. ഇതിലൊരു മാതൃകാ വീഡിയോയിലെ കഥാപാത്രം ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്നുള്ള വനിതയാണ്. അവര്‍ പറയുന്നത്, പ്രധാന്‍മന്ത്രി മാതൃരക്ഷാപദ്ധതിയിലൂടെ ഒട്ടേറെ നേട്ടങ്ങള്‍ ലഭിച്ചു എന്നാണ്. തുടര്‍ന്ന് ആ സ്ത്രീ 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' എന്ന മോദി സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ചു കൂടി പറഞ്ഞാണ് അവരുടെ നന്ദിവാക്കുകള്‍ അവസാനിപ്പിച്ചത്. കശ്മീരിലെ പെണ്‍കുട്ടിയുടെ പീഡനസംഭവവും തുടര്‍ന്നുണ്ടായ അവളുടെ ദാരുണാന്ത്യവും ഈ വാക്കുകളുമായി ചേര്‍ത്തുകാണുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു.
മറ്റൊരു വീഡിയോയിലെ മുഖ്യകഥാപാത്രം യുപിയിലെ മുസാഫര്‍പൂര്‍ നഗരത്തിലെ പര്‍ദ ധരിച്ചൊരു സ്ത്രീയാണ്. ഇവര്‍ മറ്റ് ഏതാനും സ്ത്രീകളോടൊപ്പം നിന്ന് പ്രധാനമന്ത്രിയുടെ മാതൃസുരക്ഷാപദ്ധതിയുടെ ഗുണഫലങ്ങള്‍ എന്തെല്ലാമാണെന്ന് എഴുതിത്തയ്യാറാക്കിയൊരു 'തിരക്കഥ' നോക്കി ഇടയ്ക്കിടെ കാമറയ്ക്കു മുന്നില്‍നിന്ന് ഒഴിഞ്ഞുമാറി വായിക്കുന്ന ശബ്ദങ്ങള്‍ അടങ്ങിയതാണ്. ഈ സ്ത്രീയും പ്രസവാനന്തര ആനുകൂല്യങ്ങള്‍ അനുവദിച്ചതിന് മോദി സര്‍ക്കാരിനെ അഭിനന്ദിക്കുന്നു.
വിധിവൈപരീത്യമെന്നു പറയട്ടെ, മോദി ഭരണകൂടം നടപ്പാക്കിയെന്നു കൊട്ടിഘോഷിക്കുന്ന പ്രസവാനന്തര മാതൃസുരക്ഷാ പദ്ധതിയില്‍ വാഗ്്ദാനം ചെയ്ത ആനുകൂല്യങ്ങള്‍ ഗുണഭോക്താക്കള്‍ക്കു ലഭ്യമാക്കുന്നതില്‍ വലിയ പരാജയമാണെന്ന് ഇതിനകം തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഭാഗമെന്ന നിലയില്‍ യുപിഎ സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതി പ്രയോഗത്തിലാക്കുന്നതില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഗുരുതരമായ അലംഭാവമാണു കാട്ടിയിരിക്കുന്നത്. ദേശീയ ഭക്ഷ്യസുരക്ഷാപദ്ധതിയുടെ ഭാഗമായ ഈ പദ്ധതി 2014ല്‍ തന്നെ ആരംഭിക്കേണ്ടിയിരുന്നു. എന്നാല്‍, പദ്ധതി ആവിഷ്‌കരിച്ചതിന്റെ ക്രെഡിറ്റ് യുപിഎ സര്‍ക്കാര്‍ അവകാശപ്പെടുന്നതിനാലായിരിക്കണം, അതിന്റെ നടത്തിപ്പ് മോദി സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചുകൊണ്ടിരുന്നത്. ഒടുവില്‍, പരമോന്നത നീതിപീഠമായ സുപ്രിംകോടതി എന്‍ഡിഎ ഭരണകൂടം മനപ്പൂര്‍വമായി സൃഷ്ടിച്ചിരിക്കുന്ന കാലതാമസം രണ്ടുവട്ടം ചോദ്യംചെയ്തപ്പോള്‍ മാത്രമാണ് 2017 മെയ് മുതല്‍ നടപ്പാക്കാനാരംഭിച്ചത്. അതും 'ഇന്ദിരാഗാന്ധി മാതൃത്വസഹയോഗ്‌യോജന' എന്ന പേര് 'പ്രധാന്‍മന്ത്രി മാതൃവന്ദനായോജന' എന്നാക്കി മാറ്റിയ ശേഷം. നിയമത്തിലെ വ്യവസ്ഥയനുസരിച്ച് പ്രസവം കാത്തിരിക്കുന്ന അമ്മമാരില്‍ ഓരോരുത്തര്‍ക്കും 6,000 രൂപ നിരക്കില്‍ ധനസഹായം നല്‍കുക എന്നത് അതേപടി നിലനിര്‍ത്തിയെങ്കിലും ഗുണഭോക്താക്കളുടെ എണ്ണം കുറയ്ക്കുന്നതു ലക്ഷ്യമാക്കി പുതുതായി ഏതാനും വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. യുപിഎ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയുടെ പേര് മാറ്റുന്നതിനു പുറമെ ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്താനും മോദി സര്‍ക്കാര്‍ പാടുപെട്ടു. ഇതിലേക്കായി മറ്റൊരു പദ്ധതി വഴിയുള്ള ആനുകൂല്യങ്ങളും കൂട്ടിച്ചേര്‍ത്ത് 4000 രൂപ ഉപരിപരിധി നിജപ്പെടുത്തുകയും ചെയ്തു. അങ്ങനെ ഗുണഭോക്താക്കളുടെ പട്ടിക 51.6 ലക്ഷം എന്നാക്കി ഒതുക്കുകകൂടിയായിരുന്നു നടന്നത്. ഇതില്‍ തന്നെ പകുതിപ്പേര്‍ക്കു മാത്രമാണ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നതെന്നതും തിരിച്ചറിയാതിരുന്നുകൂടാ. 'വെടക്കാക്കി തനിക്കാക്കുക' എന്ന നാട്ടിന്‍പുറത്തെ ശൈലീപ്രയോഗയെ അനുസ്മരിപ്പിക്കുന്ന നയമാണ് മോദി സര്‍ക്കാര്‍ ഈ വിഷയത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
ഈ ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ കേന്ദ്ര വനിതാ-ശിശുവികസന മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശാനുസരണം സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാക്കിയ വീഡിയോകള്‍ ഇപ്പോള്‍ ഒന്നൊന്നായി ദൃശ്യമാധ്യമങ്ങളിലൂടെയും ട്വിറ്ററിലൂടെയും രാജ്യത്താകമാനം പ്രചരിപ്പിച്ചുവരുകയാണ്. ഇതിന്റെയൊക്കെ ലക്ഷ്യവും പ്രതിപാദ്യവിഷയവും ഒന്നുതന്നെയാണ്. മോദി ഭരണകൂടം ഭാരതത്തിലെ അമ്മമാര്‍ക്കും ശിശുക്കള്‍ക്കുമായി രൂപകല്‍പന ചെയ്തു നടപ്പാക്കിവരുന്ന വിവിധ ക്ഷേമപദ്ധതികള്‍ക്കുള്ള ഗുണഭോക്താക്കളുടെ പ്രതികരണങ്ങളാണിതെല്ലാം. ഇതിലൊന്നു നമുക്കു പരിശോധിക്കാം.
കേന്ദ്രമന്ത്രാലയത്തിന്റെ ധനസഹായത്തോടെ 'സഖി' എന്ന പേരില്‍ പ്രവര്‍ത്തിച്ചുവരുന്ന ക്ഷേമപദ്ധതിയുടെ ഗുണഭോക്താവായ വനിത ഇരുകൈകളും ചേര്‍ത്തുവച്ച് തലകുനിച്ചു നിന്നു സവിനയം ഉച്ചരിക്കുന്ന വാക്കുകളിലൂടെ അവര്‍ നമ്മെ ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്, മോദി സര്‍ക്കാര്‍ വനിതാ-ശിശു വികസന പദ്ധതികളിലൂടെ അവര്‍ക്കു നല്‍കിവരുന്ന സഹായങ്ങളുടെ മേന്മയാണ്. ''സ്‌നേഹനിധിയായ നമ്മുടെ പ്രധാനമന്ത്രി മോദിജിക്ക് നന്ദി രേഖപ്പെടുത്തുന്നു''- ഇത്തരത്തിലുള്ള അഭിനന്ദനവാക്കുകളും സന്ദേശങ്ങളും ഉള്‍ക്കൊള്ളുന്ന വീഡിയോകളാണ് ഇപ്പോള്‍ കേന്ദ്രമന്ത്രാലയത്തിന്റെ സാമൂഹികമാധ്യമം വ്യാപകമായി പ്രചരിപ്പിച്ചുവരുന്നത്. ഇതെല്ലാം കേള്‍ക്കുകയും കാണുകയും ചെയ്യുന്ന ഏതൊരു സാധാരണക്കാരന്റെയും ഓര്‍മയില്‍ ഓടിയെത്തുക എട്ടുകാലി മമ്മൂഞ്ഞിനെയാണ്. ഇതുമായി ചേര്‍ത്തുകാണേണ്ട മറ്റൊരു കാര്യമുണ്ട്. മോദി സര്‍ക്കാരിന്റെ ആരാധകവൃന്ദത്തില്‍ ഉള്‍പ്പെടുന്ന മാധ്യമവക്താക്കള്‍ ഈ വിഷയവുമായി ബന്ധപ്പെട്ട ദൃശ്യമാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കവെ ചൂണ്ടിക്കാട്ടുന്നത്, കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിരവധി സാമൂഹികക്ഷേമ പദ്ധതികള്‍ കേന്ദ്ര പദ്ധതികളുടെ അനുകരണമാണെന്നാണ്. ചുരുക്കത്തില്‍ ഒരു കാര്യത്തില്‍ തര്‍ക്കമുണ്ടാവേണ്ടതില്ല, കേന്ദ്രത്തില്‍ മോദിസര്‍ക്കാര്‍ മുന്‍ യുപിഎയെ അനുകരിക്കുന്നു എന്നതും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ മോദി സര്‍ക്കാരിന്റെ സാമൂഹികക്ഷേമ പദ്ധതികള്‍ അനുകരിക്കുന്നു എന്നതും വിരല്‍ചൂണ്ടുന്നത് ഒരിടത്തേക്കു തന്നെയാണ്. ആനുകാലിക രാഷ്ട്രീയത്തിലും എട്ടുകാലി മമ്മൂഞ്ഞുമാര്‍ വിരളമല്ല എന്നതാണത്.
Next Story

RELATED STORIES

Share it