Idukki local

മോദി സര്‍ക്കാര്‍ അസംതൃപ്ത ജനതയുടെ നിഷേധ ഉല്‍പ്പന്നം: പി രാജീവ്

ചെറുതോണി: രാജ്യത്തെ അസംതൃപ്ത ജനതയുടെ നിഷേധ ഉല്‍പ്പന്നമായാണ് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതെന്ന് സിപിഎം സംസ്ഥാന കമ്മറ്റിയംഗവും മുന്‍ എംപിയുമായ പി രാജീവ്. എന്‍ജിഒ യൂനിയന്റെ 55ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള വര്‍ഗീയത ചരിത്രവും വര്‍ത്തമാനവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ദേശീയതലത്തില്‍ നടത്തിയ അഴിമതിയിലും സ്വജനപക്ഷപാതത്തിലും അസംതൃപ്തരായ ജനങ്ങള്‍ അവര്‍ക്കെതിരായി നടത്തിയ പ്രതിഷേധമാണ് ബിജെപിക്ക് ഗുണം ചെയ്തത്. തത്വാധിഷ്ഠിത നിലപാടുകള്‍ കൊണ്ടോ പ്രത്യയശാസ്ത്ര അടിത്തറ ആകര്‍ഷിക്കപ്പെട്ടതുകൊണ്ടോ അല്ല ഒരിക്കലും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്.
കോണ്‍ഗ്രസിനോടുള്ള പ്രതിഷേധം വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികള്‍ക്ക് വോട്ടായി മാറിയതിലൂടെ വികേന്ദ്രീകരിക്കപ്പെട്ട പ്രതിഷേധത്തിന്റെ ഗുണഭോക്താക്കളായി ബിജെപി മാറി.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാജ്യത്തേറ്റവും കൂടുതല്‍ വോട്ടു വാങ്ങിയ മൂന്നാമത്തെ പാര്‍ട്ടി മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജന്‍ സമാജ് പാര്‍ട്ടിയാണ്. എന്നാല്‍ പാര്‍ലമെന്റില്‍ ഒരു എംപിയെ പോലും എത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. പാര്‍ലിമെന്ററി ജനാധിപത്യത്തിലെ ഏറ്റവും വലിയ പരിമിതികളിലൊന്നാണിത്. കോണ്‍ഗ്രസിനെതിരായ  പ്രതിഷേധം വിഭജിക്കപ്പെട്ടു പോയതിലൂടെ ബി ജെ പി ക്ക് കൂടുതല്‍ എം പിമാരെ സൃഷ്ടിക്കാന്‍ കഴിഞ്ഞു.
പുഷ്പക വിമാനത്തിന്റെ കഥകള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തി ശാസ്ത്ര ബോധത്തെപ്പോലും അവര്‍ വെല്ലുവിളിക്കുകയാണ്. സിബിഎസ്‌സി സംവിധാനത്തില്‍ ആര്‍എസ്എസ് ഇടപെടുന്നെന്നതിന്റെ തെളിവുകള്‍ പുറത്തു വിടുകയാണ്. മതനിരപേക്ഷതയുടെ പടയാളികളായി വര്‍ഗീയതെ ചെറുക്കാന്‍ ഓരോ പൗരനും മുന്നിട്ടിറങ്ങേണ്ടത് ജീവശ്വാസം പോലെ പ്രധാനമായി മാറിക്കഴിഞ്ഞുവെന്നും പി രാജീവ് പറഞ്ഞു.
Next Story

RELATED STORIES

Share it