Flash News

മോദി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം കരിദിനമായി ആചരിക്കും: എസ്ഡിപിഐ

കോഴിക്കോട്: ദേശീയ ദുരന്തമായിത്തീര്‍ന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കുന്ന മെയ് 26ന് കരിദിനമായി ആചരിക്കാന്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. രാജ്യത്തിന് അഴിമതിമുക്ത അച്ഛാ ദിന്‍ വാഗ്ദാനം ചെയ്ത് അധികാരമേറ്റ സര്‍ക്കാര്‍ കുത്തക മുതലാളിമാര്‍ക്കു വേണ്ടി രാജ്യത്തെ വഞ്ചിക്കുകയായിരുന്നു.
വര്‍ഗീയ കലാപങ്ങളും പരമതവിദ്വേഷവും ആളിക്കത്തിച്ച് ഭരണപരാജയം മറച്ചുവയ്ക്കുകയും അധികാരം നിലനിര്‍ത്തുന്നതിനു വേണ്ടി കുല്‍സിത ശ്രമങ്ങളില്‍ ഏര്‍പ്പെടുകയുമാണ് ബിജെപി സര്‍ക്കാര്‍. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു പകരം തൊഴില്‍മേഖലയില്‍ അരാജകത്വം സൃഷ്ടിക്കുംവിധം തൊഴില്‍നിയമം പൊളിച്ചെഴുതി. മുതലാളിമാരുടെ കോടിക്കണക്കിനു വരുന്ന കടം എഴുതിത്തള്ളിയും കോര്‍പറേറ്റുകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അതീവ ജാഗ്രതയാണ് സര്‍ക്കാര്‍ കാണിക്കുന്നത്. വന്‍കിട മുതലാളിമാര്‍ക്ക് ബാങ്കുകള്‍ കൊള്ളയടിച്ചു നാടു വിടാന്‍ സൗകര്യം ചെയ്ത സര്‍ക്കാര്‍ കര്‍ഷകരെ ആത്മഹത്യയിലേക്കു തള്ളിവിടുന്നു.  ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുന്ന തരത്തില്‍ കന്നുകാലി വില്‍പന നിയമം കൊണ്ടുവരുകയും ഗോരക്ഷയുടെ പേരില്‍ സംഘപരിവാര ഗുണ്ടകള്‍ക്ക് ആരെയും തെരുവില്‍ തല്ലിക്കൊല്ലാനുള്ള മൗനാനുവാദം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. കള്ളപ്പണം കണ്ടെത്താനെന്ന പേരില്‍ നോട്ടു നിരോധനം ഏര്‍പ്പെടുത്തിയതിന്റെ ദുരന്തം രാജ്യം ഇന്നും നേരിട്ടുകൊണ്ടിരിക്കുകയാണ്. ജിഎസ്ടി അശാസ്ത്രീയമായി നടപ്പാക്കിയതിന്റെ തിക്തഫലങ്ങള്‍ സാമ്പത്തിക മേഖല നേരിടുന്നു.
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി സുപ്രിംകോടതി ജഡ്ജിമാര്‍ക്ക് നിയമവ്യവസ്ഥയുടെ സുതാര്യതയ്ക്കു വേണ്ടി വാര്‍ത്താസമ്മേളനം നടത്തേണ്ടിവന്നത് മോദി അധികാരം വാഴുമ്പോഴാണ്. പൊതുമേഖലാ സ്ഥാപനങ്ങളും ചരിത്ര സ്മാരകങ്ങളും കുത്തക മുതലാളിമാര്‍ക്ക് തീറെഴുതിക്കൊടുക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ചെങ്കോട്ടയുടെ അധികാരം ഡാല്‍മിയ ഗ്രൂപ്പിനു കൈമാറിയത്.
പെട്രോളിയം കമ്പനികള്‍ക്ക് വിലവര്‍ധനവിനുള്ള പൂര്‍ണാധികാരം നല്‍കിയതിലൂടെ ഇന്ധനവില കുതിച്ചുയര്‍ന്നു. രാജ്യത്തിന്റെ സര്‍വ മേഖലകളും തകര്‍ത്തു മുന്നേറുന്ന ബിജെപി സര്‍ക്കാര്‍ കള്ളപ്പണത്തിന്റെ പിന്‍ബലത്തില്‍ ജനാധിപത്യത്തെ പോലും അട്ടിമറിക്കുന്ന സാഹചര്യത്തില്‍, നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ മെയ് 26 കരിദിനമായി ആചരിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്യുന്നു.
പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ മൂവാറ്റുപുഴ അഷ്റഫ് മൗലവി, എം കെ മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, റോയി അറയ്ക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, ഖജാഞ്ചി അജ്മല്‍ ഇസ്മായീല്‍, സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ആര്‍ സിയാദ്, സെക്രേട്ടറിയറ്റ് അംഗങ്ങളായ പി കെ ഉസ്മാന്‍, പി പി മൊയ്തീന്‍കുഞ്ഞ് സംസാരിച്ചു.
Next Story

RELATED STORIES

Share it