Flash News

മോദി സര്‍ക്കാരിനെതിരേ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരേ ഡല്‍ഹിയില്‍ വമ്പിച്ച പ്രതിഷേധ മാര്‍ച്ച്. നൂറുകണക്കിന് സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ ട്രേഡ് യൂനിയനുകള്‍, സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, ദലിതുകള്‍, ആദിവാസികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.
സര്‍ക്കാരിനെതിരേ ശക്തമായ പ്രതിഷേധം അലയടിച്ച മാര്‍ച്ച് പാര്‍ലമെന്റ് സ്ട്രീറ്റില്‍ സമാപിച്ചു. വിവിധ സംഘടനാ നേതാക്കള്‍ റാലിയെ അഭിസംബോധന ചെയ്തു. അധികാരത്തിലേറുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും എന്‍ഡിഎ സര്‍ക്കാര്‍ പാലിച്ചില്ലെന്നു മാത്രമല്ല ജനങ്ങളുടെ ജീവിതം വളരെ ദുസ്സഹമാക്കിയെന്നും ഓള്‍ ഇന്ത്യന്‍ കിസാന്‍ സഭ നേതാവ് ഹനന്‍ മൊല്ല പറഞ്ഞു.
എല്ലാവരുടെയും വികസനം ഉറപ്പാക്കുമെന്നു പറഞ്ഞ് അധികാരത്തിലേറിയവര്‍ ചില കുത്തക കമ്പനികളുടെ വികസനം മാത്രമാണ് നടപ്പാക്കിയത്. സര്‍ക്കാര്‍ നിലപാട് മാറ്റാന്‍ തയ്യാറല്ലെങ്കില്‍ ജനങ്ങള്‍ സര്‍ക്കാരിനെ മാറ്റാന്‍ നിര്‍ബന്ധിതരാവുമെന്നും മൊല്ല പറഞ്ഞു.
പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനയിലൂടെയും മറ്റും ജനങ്ങളെ കൊള്ളയടിക്കുന്ന കുത്തക കമ്പനികള്‍ക്ക് സര്‍ക്കാര്‍ കീഴടങ്ങിയെന്നു മറ്റൊരു നേതാവായ അതുല്‍ അഞ്ജന്‍ പറഞ്ഞു. വര്‍ഗീയതയും സാമുദായികതയും പരത്തി സമൂഹത്തില്‍ കലാപം സൃഷ്ടിക്കുകയാണ് ബിജെപി, ആര്‍എസ്എസ് നേതൃത്വത്തിലുള്ള സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു. ഒരാഴ്ചയായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
Next Story

RELATED STORIES

Share it