Flash News

മോദി ഭരണം വൈവിധ്യങ്ങള്‍ നശിപ്പിക്കുന്നു: മണിശങ്കര്‍ അയ്യര്‍

സ്വന്തം  പ്രതിനിധി

ചെന്നൈ: നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാര്‍ രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ചെന്നൈയില്‍ സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് ഡിഗ്‌നിറ്റി കോ ണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സവര്‍ക്കറുടെ ആശയങ്ങള്‍ പിന്തുടരുന്നതിലൂടെ കേന്ദ്രം ഹിന്ദുസംസ്‌കാരം ഒഴികെയുള്ളവയെ പാര്‍ശ്വവല്‍ക്കരിക്കുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിംകളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ക്രിസ്ത്യന്‍, ജൈന, ബുദ്ധമതങ്ങളുടെ പൈതൃകവും ഉണ്ടെന്നിരിക്കെയാണ് രാജ്യത്തെ പതിയെ ഹിന്ദുത്വസംസ്‌കാരത്തിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നത്. ബിജെപി സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത് രാഷ്ട്രീയമല്ലെന്നും ഭ്രാന്താണെന്നും അദ്ദേഹം ആരോപിച്ചു. പകല്‍വെളിച്ചത്തില്‍പ്പോലും ക്രൂരമായ കൊലപാതകങ്ങള്‍ നടത്തി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം പ്രചരിപ്പിക്കുന്നു. എന്നിട്ടുപോലും അധികാരികള്‍ നടപടിയെടുക്കുന്നില്ല. വിദ്വേഷരാഷ്ട്രീയത്തെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാടാണുള്ളത്. ഇത്തരം ഫാഷിസത്തെ വിദ്യാര്‍ഥികള്‍ പ്രതിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ വിദ്യാര്‍ഥികളെ ചങ്ങലയ്ക്കിടാനുള്ള ശ്രമങ്ങള്‍ക്കെതിരേ കാംപസ് ഫ്രണ്ട് ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് ദേശീയ പ്രസിഡന്റ് പി വി ശുഹൈബ് പറഞ്ഞു. വിദ്യാര്‍ഥി റാലിയില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. എസ്ഡിപിഐ തമിഴ്‌നാട് പ്രസിഡന്റ് ദെഹലാന്‍ ബാഖവി, ആനന്ദ് തെല്‍തുംദെ, കോളമിസ്റ്റ് ഖാലിദ് മുഹമ്മദ്. ഡോ. എഴിലന്‍, തമിഴന്‍ പ്രസന്ന, മുസ്തഫ പങ്കെടുത്തു.
Next Story

RELATED STORIES

Share it