മോദിെക്കതിരായ വധഭീഷണി സഹതാപം പിടിച്ചുപറ്റാനെന്ന്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിെക്കതിരേ വധഭീഷണി മുഴക്കിയെന്ന ആരോപണം ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റാനുള്ള ശ്രമമാണെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജനപിന്തുണ തിരിച്ചുപിടിക്കാനുള്ള ബിജെപിയുടെ തന്ത്രമാണ് ഭീഷണിക്കത്ത്.
എന്നാല്‍, ജനങ്ങള്‍ ബിജെപിയുടെ കുതന്ത്രത്തില്‍ വീഴില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ശരത് പവാര്‍ പറഞ്ഞു. നേരത്തേ മോദിയെ കൊലപ്പെടുത്താന്‍ തങ്ങള്‍ പദ്ധതിയിട്ടെന്നത് കള്ളമാണെന്ന് മാവോവാദി നേതാവ് പി വരവര റാവു വ്യക്തമാക്കിയിരുന്നു. പദ്ധതിയെക്കുറിച്ച് സൂചിപ്പിക്കുന്ന കത്ത് പൂനെ പോലിസ് പിടിച്ചെടുത്തുവെന്ന വാര്‍ത്തയും വരവര റാവു നിഷേധിച്ചു. മോദിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ വേണ്ടിയാണ് ഇത്തരമൊരു ആരോപണം.
ഒരു പ്രധാനമന്ത്രിയെ വധിക്കുന്നതിനു വേണ്ട ശേഷിയൊന്നും ഇന്ത്യയിലെ മാവോവാദി പ്രസ്ഥാനത്തിനില്ലെന്നത് പരമാര്‍ഥമാണ്. പദ്ധതിയുടെ പേരില്‍ പൂനെ പോലിസ് അറസ്റ്റ് ചെയ്ത ഗാഡ്‌ലിങ്, ജേക്കബ് എന്നിവരെ തനിക്കറിയാം. രാഷ്ട്രീയത്തടവുകാരെ പുറത്തിറക്കുന്ന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് അവര്‍. കൊലപാതക രാഷ്ട്രീയവുമായി അവര്‍ക്ക് ഒരു ബന്ധവുമില്ല- ഹൈദരാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ റാവു പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയുള്ള മാവോവാദി ഭീഷണി ഒരു തമാശയായി തോന്നുന്നുവെന്നും അതില്‍ യാഥാര്‍ഥ്യമുള്ളതായി തോന്നുന്നില്ലെന്നും ശിവസേന. പോലിസുകാരുടെ റിപോര്‍ട്ട് ഒരു പ്രേതസിനിമയുടെ കഥ പോലുണ്ടെന്നും ശിവസേനാ വക്താവ് പറഞ്ഞു.
Next Story

RELATED STORIES

Share it