മോദിക്കെതിരായ കേസ്: ഗുജറാത്ത് ഹൈക്കോടതി ജഡ്ജി പിന്മാറി

അഹ്മദാബാദ്: നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന പരാതിയിന്മേല്‍ വാദം കേള്‍ക്കുന്നതില്‍നിന്ന് ഗുജറാത്ത് ഹൈക്കോടതി ജഡ്ജി പിന്മാറി. കഴിഞ്ഞ വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ ബി.ജെ.പി. ചിഹ്നമായ താമര ഉയര്‍ത്തിക്കാട്ടി മൊബൈലില്‍ സെല്‍ഫി എടുത്ത മോദി തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹരജിയിന്മേലാണ് ജസ്റ്റിസ് ജി ആര്‍ ഉധ്വാനി താന്‍ ഈ കേസ് പരിഗണിക്കുന്നില്ലെന്ന് പറഞ്ഞ് പിന്മാറിയത്. ഏകാംഗ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്.

തിരഞ്ഞെടുപ്പ് ദിവസം അഹ്മദാബാദിലെ റാനിപ്പില്‍ ബൂത്തിന്റെ 100 മീറ്റര്‍ മാത്രം ചുറ്റളവില്‍നിന്ന് കൊണ്ട് താമര ഉയര്‍ത്തിപ്പിടിച്ച് മോദി സെല്‍ഫി എടുത്തത് വിവാദമായിരുന്നു. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നും മോദി നിയമ വിരുദ്ധമായി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നുമാണ് ഹരജിക്കാരനായ നിശാന്ത് വര്‍മയുടെ ആരോപണം. കഴിഞ്ഞ മാസം ഹരജിയില്‍ വാദം കേട്ടതിന് ശേഷമാണ് ബെഞ്ച് ഇപ്പോള്‍ പിന്മാറിയിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് ചില കോടതി വിധികള്‍ ഹാജരാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ സമയം ചോദിച്ചിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് മോദിക്കെതിരേ നിയമനടപടി ആവശ്യപ്പെട്ടുകൊണ്ട് ഹരജി സമര്‍പ്പിക്കപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട പരാതി നേരത്തെ കീഴ്‌ക്കോടതി തള്ളിയതിനു ശേഷമാണ് വര്‍മ ഹൈ ക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ഉധ്വാനി പിന്മാറിയ സാഹചര്യത്തില്‍ ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് കേസ് തുടര്‍ന്ന് പരിഗണിക്കും.
Next Story

RELATED STORIES

Share it