Kottayam Local

മേവെള്ളൂര്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ അഭിമാനമായി ജിനുമോന്‍

തലയോലപ്പറമ്പ്: മേവെള്ളൂര്‍ വനിതാ സ്‌പോര്‍ട്‌സ് അക്കാദമിയുടെ വിജയഗാഥകള്‍ തുടരുകയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വനിതാ താരങ്ങളാണ് സ്‌പോര്‍ടസ് അക്കാദമിയെ നേട്ടങ്ങളുടെ കൊടുമുടിയില്‍ എത്തിച്ചതെങ്കില്‍ ഇപ്പോള്‍ ഒരു കുരുന്ന് ആണ്‍പ്രതിഭ സ്‌പോര്‍ട്‌സ് അക്കാദമിയുടെ ചരിത്രം തിരുത്തുകയാണ്.
അടുത്തമാസം മുംബൈയില്‍ നടക്കുന്ന ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ സെലക്ഷന്‍ ട്രയല്‍സ് ക്യാംപിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേരളാ ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് ജൂനിയര്‍ ബോയ്‌സിന്റെ കേരളാ പ്രതിനിധിയായ പത്ത് പേരില്‍ ഒരാളാണ് ജിനുമോനാണ് വേവെള്ളുരിന്റെ അഭിമാനം. ഇറുമ്പയം സ്വദേശിയായ കെ വി ചാക്കോയുടെയും പി ടി എല്‍സമ്മയുടെയും ഇളയമകനാണ് ഈ മിടുക്കന്‍. 2015 ഏപ്രിലില്‍ തൃശൂരില്‍ നടന്ന ഓള്‍ കേരള സെലക്ഷന്‍ ക്യാംപില്‍ നിന്നാണ് ജിനുവിന് കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക് സെലക്ഷന്‍ ലഭിക്കുന്നത്.
എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ജിനു ഫുട്‌ബോളില്‍ മികവാര്‍ന്ന നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വളരെയധികം വലയ്ക്കുന്നുണ്ട്. എന്നാല്‍ മകന്റെ ഫുട്‌ബോള്‍ കമ്പം ഒരിക്കലും പരാധീനതകളാല്‍ തകര്‍ന്നുപോവരുതെന്ന് ഈ അച്ഛനും അമ്മയും കരുതലോടെ മുന്‍കയ്യെടുക്കുന്നു. ഇവര്‍ക്കൊപ്പം ഇറുമ്പയം എന്ന ഗ്രാമവും ജിനുവിന് തണലായി കൂട്ടുണ്ട്.
ജില്ലയില്‍ ഏറ്റവുമധികം ഫുട്‌ബോള്‍ പ്രേമികളും താരങ്ങളും അണിനിരക്കുന്ന പ്രദേശമാണ് ഇറുമ്പയം. വെള്ളൂര്‍ സ്‌കൂളിലെ കായികാധ്യാപകന്‍ ജോമോന്‍ നാമക്കുഴിയുടെ പരിശീലനമാണ് ജിനുവിന് ഉയരങ്ങളിലേക്ക് എത്തിച്ചത്. കേരളാ ബ്ലാസ്റ്റേഴ്‌സ് കോച്ചായ ടെറി ഫെലന്‍ പരിശീലനസമയങ്ങളില്‍ മിക്കപ്പോഴും ജിനുവിന്റെ പ്രകടനത്തില്‍ അത്ഭുതം പ്രകടിപ്പിച്ചിട്ടുണ്ട്.
ഇതെല്ലാം വലിയ പ്രചോദനമാണ് തനിക്ക് നല്‍കിയതെന്ന് ഈ കൊച്ചുമിടുക്കന്‍ അഭിമാനത്തോടെ പറയുമ്പോള്‍ ഒരു ഗ്രാമം ഒരുപോലെ സന്തോഷിക്കുകയാണ്.
Next Story

RELATED STORIES

Share it