Flash News

മെഡിക്കല്‍ റിപോര്‍ട്ട് പുറത്തുവന്നു : സിസിലിയുടെ മരണം ഹൃദയാഘാതം മൂലം



റഷീദ് ഖാസിമി

റിയാദ്: സൗദിയില്‍ മലയാളി വീട്ടുജോലിക്കാരി മരണപ്പെട്ടത് ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് റിപോര്‍ട്ട്. വയനാട് പള്ളിക്കുന്ന് സ്വദേശി സിസിലി തോമസി(48)ന്റെ മരണം സംബന്ധിച്ച് വിവിധ ആശങ്കകളുയരുന്നതിനിടെയാണ് ഹൃദയാഘാതമാണ് മരണകാരണം എന്നു വെളിപ്പെടുത്തുന്ന മെഡിക്കല്‍ റിപോര്‍ട്ട് ലഭിച്ചത്. കഴിഞ്ഞ 24 തിങ്കളാഴ്ച രാത്രി 10.30ന് ഹായില്‍ കിങ് ഖാലിദ് ആശുപത്രിയിലെ ഐസിയു ബി 7 വാര്‍ഡില്‍ വച്ച് മരിച്ചുവെന്ന്് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.  അതേസമയം, കടുത്ത ഹൃദയാഘാതത്തിലേക്കു വഴിവച്ച ഘടകങ്ങളെ കുറിച്ച് അറിയണമെങ്കില്‍ ഫോറന്‍സിക് പരിശോധനാ ഫലം നിര്‍ണായകമാണ്. ഫോറന്‍സിക് വിവരം ലഭ്യമാവണമെങ്കില്‍ ഇന്ത്യന്‍ എംബസിയുടെ ശക്തമായ ഇടപെടല്‍ അനിവാര്യമാണ്. അല്‍ഗത്ത എന്ന സ്ഥലത്ത് മുഖ് രിന്‍ ബിന്‍ അബ്ദുല്‍ അസീസ് എന്ന സ്വദേശിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ വീട്ടുവേലക്കാരിയായിട്ടായിരുന്നു സിസിലി ജോലി ചെയ്തിരുന്നത്. നഴ്‌സറി സ്‌കൂളില്‍ 2500 റിയാല്‍ ശമ്പളത്തോടെ അധ്യാപന ജോലിയായിരുന്നു വയനാട്ടിലെ സ്വകാര്യ ട്രാവല്‍സ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ഈ ശമ്പളമോ മതിയായ ഭക്ഷണമോ ലഭിച്ചില്ല. മാനസിക, ശാരീരിക പീഡനങ്ങള്‍ക്ക് ഇരയാവുന്നതായി സിസിലി ബന്ധുക്കളെ അറിയിച്ചിരുന്നു. ഇവരുടെ പ്രയാസം അറിഞ്ഞ ബുറൈദയിലെ സാമൂഹിക പ്രവര്‍ത്തകന്‍ ഇഖ്ബാല്‍ നാട്ടിലുള്ള സിസിലിയുടെ സഹോദരന്‍ വഴി എംബസിയിലേക്ക് പരാതി അയച്ചിരുന്നു.  പരാതി ലഭിച്ച് അടുത്തദിവസം ബുറൈദ സന്ദര്‍ശിക്കാനെത്തിയ ഇന്ത്യന്‍ എംബസി സംഘത്തെ വിഷയം നേരില്‍ ധരിപ്പിച്ചിരുന്നതായി ഇഖ്ബാല്‍ ഗള്‍ഫ് തേജസിനോട് പറഞ്ഞു. എംബസി ഫസ്റ്റ് സെക്രട്ടറി അനില്‍ നൗട്യാല്‍ വിഷയത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് പറഞ്ഞിരുന്നതാണ്. ഇതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു മരണവാര്‍ത്ത അറിഞ്ഞത്. കിങ് ഖാലിദ് ആശുപത്രിയിലെ മലയാളി നഴ്‌സാണ് മരണ വിവരം നാട്ടില്‍ അറിയിച്ചത്. അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സഹോദരന്‍ പോലിസിന് പരാതി നല്‍കിയിട്ടുണ്ട്. കമ്പളക്കാട് പള്ളിമുക്ക് മാവുങ്കല്‍ പരേതനായ മൈക്കിളിന്റെ മകളാണ് സിസിലി. നിര്‍ധന കുടുംബാംഗമായിരുന്ന ഇവര്‍ 2005 മുതല്‍ 10 വര്‍ഷത്തോളം കണിയാമ്പറ്റ പഞ്ചായത്ത് മെംബറായിരുന്നു. അമ്മയും മൂന്നു സഹോദരന്‍മാരും അടങ്ങുന്നതാണ് കുടുംബം. 17 വയസ്സുള്ള മകളുണ്ട്.
Next Story

RELATED STORIES

Share it