thrissur local

മെഡിക്കല്‍ ഭരണരംഗത്ത് മലയാളം ഭരണഭാഷ വ്യാപകമാക്കാന്‍ തീവ്രശ്രമം നടത്തും: ഡോ. റംലാബീവി



തൃശൂര്‍: മെഡിക്കല്‍ ഭരണരംഗത്ത് മലയാളം ഭരണഭാഷ വ്യാപകമാക്കാന്‍ തീവ്രശ്രമം നടത്തുമെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംലാബീവി പറഞ്ഞു. കേരളപിറവിദിനത്തോടനുബന്ധിച്ച് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായി നടന്ന ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. മെഡിക്കല്‍ കോളജുകളില്‍ എത്തുന്ന സാധാരണ രോഗികള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും അവര്‍ പറഞ്ഞു. സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എ അബ്ദുള്‍ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന ഭാഷാ സമ്മേളനം പ്രമുഖ തിരക്കഥാകൃത്ത് കെ.എ.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ‘പുതിയ മെഡിക്കല്‍ കോളേജുകളുടെ സ്‌പെഷ്യല്‍ ഓഫിസര്‍ ഡോ.എം.കെ.അജയകുമാര്‍, വൈസ് പ്രിന്‍സിപ്പാള്‍ ഡോ.പ്രീതി നായര്‍.കെ, അക്കൗണ്ട്‌സ് ഓഫീസര്‍  പി.എം.ഷാജി, സീനിയര്‍ സൂപ്രണ്ട് .പി.ആര്‍ രമേഷ് സംസാരിച്ചു.  ജൂനിയര്‍ സൂപ്രണ്ട് മധുസൂദനന്‍ സ്വാഗതവും സിമി ജി വിശ്വം നന്ദിയും പറഞ്ഞു.ഭാഷാചരണത്തിന്റെ ഭാഗമായി ഇന്ന് ഒരു മണിക്ക് കേട്ടെഴുത്ത് മല്‍സരവും കവിതാ മല്‍സരവും നടക്കും. നാളെ ഉപന്യാസ മല്‍സരവും ഔദ്യോഗിക കത്തെഴുത്ത് മല്‍സരവും നടക്കും.കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ മലയാള ഭാഷാദിന പ്രതിജ്ഞയെടുത്തു. എ.ഡി.എം സി വി സജന്‍ പ്രതിജ്ഞാ ചൊല്ലിക്കൊടുത്തു. വളളത്തോളിന്റെ കവിത എന്റെ ഭാഷ ബിജു പി പി ആലപിച്ചു. മലയാള ഭാഷയ്ക്ക് ഇന്ന് പാഠ്യപദ്ധതിയിലെ  സ്ഥാനം എന്നതിനെക്കുറിച്ച് ശ്രീകേരള വര്‍മ്മ കോളേജ് മുന്‍ മലയാളം പ്രൊഫസര്‍ ഡോ.കാവുമ്പായി ബാലകൃഷ്ണന്‍ ജീവനക്കാര്‍ക്ക് ക്ലാസ്സെടുത്തു. ഡെപ്യൂട്ടി കളക്ടര്‍മാരായ എം.സി.റജില്‍ (എല്‍.എ), വി.പി.അബ്ദുള്‍ റഹ്മാന്‍ (ഡി.എം), ആര്‍.മുരളീധരന്‍നായര്‍ (എല്‍.ആര്‍), ഫിനാന്‍സ് ഓഫീസര്‍ എന്‍.സതീഷ്, ഇന്‍ഫോര്‍മാറ്റിക്‌സ് ഓഫീസര്‍ കെ.സുരേഷ് കുമാര്‍, കോസ്റ്റ് സെക്രട്ടറി സി.കെ.അനില്‍കുമാര്‍ സംസാരിച്ചു. കളക്ടറേറ്റ് ഓഫീസേഴ്‌സ് ആര്‍ട്ട്‌സ് സ്‌പോര്‍ട്‌സ് ടീം കോസ്റ്റും ജില്ലാഭരണകൂടവും സംയുക്തമായാണ് ദിനാഘോഷം സംഘടിപ്പിച്ചത്. മധുര വിതരണവും ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it