മെഡിക്കല്‍ ബില്ലില്‍ സര്‍ക്കാര്‍ തുടര്‍ നടപടിക്കില്ല

തിരുവനന്തപുരം: കണ്ണൂര്‍, കരുണ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ് പ്രവേശനം ക്രമപ്പെടുത്താന്‍ നിയമസഭ പാസാക്കിയ സ്വകാര്യസ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനം ഏകീകരക്കല്‍ ബില്ലില്‍  തുടര്‍നടപടി പെട്ടെന്ന് വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച് സുപ്രിംകോടതി വിധി വന്നതിന് ശേഷം വിദ്യാര്‍ഥികളുടെ പ്രവേശനം ക്രമപ്പെടുത്താനുള്ള നടപടി സ്വീകരിക്കാമെന്ന നിലപാടിലാണ് സര്‍ക്കാര്‍.
പ്രതിപക്ഷവുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നായിരുന്നു കഴിഞ്ഞദിവസം സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍, സുപ്രിംകോടതിയും ഗവര്‍ണറും നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തില്‍ ഇനി ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയതോടെ വിവാദ ബില്ലിന് ഇനി സ്വാഭാവിക മരണമാണുണ്ടാവുക.
ഇതോടെ നിയമസഭയില്‍ ബില്ല് പാസാക്കാന്‍ പ്രയത്‌നിച്ച ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ വെട്ടിലാവും. അതേസമയം, വിദ്യാര്‍ഥികള്‍ക്ക് വേണ്ടി തങ്ങള്‍ക്ക് ചെയ്യാനാവുന്നതെല്ലാം ചെയ്തുവെന്ന് വരുത്തിത്തീര്‍ക്കാനാണ് സര്‍ക്കാര്‍ നീക്കം. ഗവര്‍ണര്‍ അനുമതി നിഷേധിച്ച ബില്ല് നിയമസഭയില്‍ വീണ്ടും കൊണ്ടുവരാനോ തുടര്‍നടപടി സ്വീകരിക്കാനോ സര്‍ക്കാരിനാവില്ല. ഭരണഘടനയുടെ 200ാം അനുച്ഛേദമനുസരിച്ച് ബില്ലില്‍ സര്‍ക്കാരിനോട് വിശദീകരണം തേടാനും അതേപടി അംഗീകരിക്കാനും പിടിച്ചുവയ്ക്കാനും രാഷ്ട്രപതിയുടെ അനുമതി തേടാനും ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. എന്നാല്‍, ഇതൊന്നും ചെയ്യാതെ ഗവര്‍ണര്‍ ബില്ലിന് അനുമതി നിഷേധിച്ചതാണ് സര്‍ക്കാരിന് തിരിച്ചടിയായത്.
സുപ്രിംകോടതി ഉത്തരവ് മറികടക്കരുതെന്ന ശക്തമായ മുന്നറിയിപ്പോടെയാണ് മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായ ഗവര്‍ണര്‍ ബില്ല് തടഞ്ഞുവച്ചത്.
ബില്ലിനെതിരേ കോണ്‍ഗ്രസ്സിനകത്ത് ഉയര്‍ന്ന പ്രതിഷേധവും പ്രതിപക്ഷത്തിന്റെ സര്‍ക്കാര്‍ വിരുദ്ധ നിലപാടിന് കാരണമായി. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി രംഗത്ത് വന്നതിന്റെ പിന്നാലെ ബില്ലിന് പിന്നില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് ബെന്നി ബഹനാനും ആരോപണമുയര്‍ത്തി. ഇക്കാര്യം രാഷ്ട്രീയ കാര്യസമിതിയും ചര്‍ച്ച ചെയ്യാനിരിക്കുകയാണ്. മെഡിക്കല്‍ ബില്ല് അസാധുവാകുന്നതോടെ വഴിയാധാരമാവുന്നത് ഇവിടെ പഠിക്കുന്ന വിദ്യാര്‍ഥികളാണ്.
Next Story

RELATED STORIES

Share it