kozhikode local

മെഡിക്കല്‍ കോളജില്‍ മരുന്നിനെച്ചൊല്ലി തര്‍ക്കം; ഒപിയില്‍ ബഹളം

കോഴിക്കോട്: പേപ്പട്ടിയുടെ കടിയേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രി ഒപിയിലെത്തിയ ചിലരുടെ ചികില്‍സയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം. ഇന്നലെ രാവിലെ പത്തുമണിയോടെ പയ്യോളി തുറയൂരില്‍ നിന്നും പേപ്പട്ടിയുടെ കടിയേറ്റ് രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം 13 പേര്‍ ആശുപത്രിയിലെത്തിയത്.
ഒമ്പത് മാസം പ്രായമുള്ള ആലിയക്കും മൂന്ന് വയസ്സുള്ള സഫറിന്‍ സമദിനും മരുന്ന് കൊടുക്കുന്നതിനെ സംബന്ധിച്ചാണ് ബഹളം ഉണ്ടായത്. പേപ്പട്ടി വിഷബാധയ്ക്കുള്ള മരുന്ന് കൊടുത്താല്‍ അലര്‍ജിയുണ്ടാകുന്നവര്‍ക്ക് ആവശ്യമുള്ള വിലകൂടിയ മരുന്ന്ആശുപത്രിയിലില്ലെന്നും അത് പുറത്ത് നിന്ന് വാങ്ങണമെന്നും ഒപിയിലെ ഡ്യൂട്ടി ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരം ആലിയയുടെയും സഫറിന്റെയും ബന്ധുക്കള്‍ മരുന്ന് വാങ്ങാന്‍ തയ്യാറായി.
പുറത്ത് വില കൂടുമെന്നും അതുകൊണ്ട് മൊത്തവിതരണക്കാരില്‍ നിന്നും എത്തിച്ചുതരാമെന്നും ഡ്യൂട്ടി ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്ന് ഡോക്ടര്‍ പറഞ്ഞ പ്രകാരം ഒരാള്‍ മരുന്ന് എത്തിച്ചു.
പുറത്ത് 6000 രൂപ വിലവരുമെന്ന് പറഞ്ഞ് മരുന്ന് 4400 രൂപയ്ക്ക് നല്‍കി. ബില്‍ നല്‍കിയതുമില്ല.
ഇതെല്ലാം മറ്റുള്ള രോഗികളില്‍ സംശയം ഉയര്‍ത്തിയതിനെ തുടര്‍ന്ന് കൂടെയുള്ളവര്‍ ബഹളം വയ്ക്കുകയായിരുന്നു. ഡോക്ടര്‍ മരുന്ന് കമ്പനിയെ സഹായിക്കാനാണ് ശ്രമിക്കുന്നതെന്നുള്ള ആരോപണത്തെ തുടര്‍ന്ന് മരുന്ന് വിതരണം ചെയ്ത ആളെ ചിലര്‍ തടഞ്ഞുവച്ചു. മെഡിക്കല്‍ കോളജ് പൊലിസെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇയാളെ പിന്നീട് വിട്ടയച്ചു.ഇതിനിടെ ഫോട്ടോഗ്രാഫര്‍മാരെയും ദൃശ്യമാധ്യമങ്ങളെയും സെക്യൂരിറ്റിക്കാരും രോഗികളുടെ കൂടെയുള്ള ആളുകളും ദൃശ്യം പകര്‍ത്തുന്നതില്‍ നിന്ന് തടയുകയും ചെയ്തു.
സംഭവത്തെ കുറിച്ച് പൊലിസ് പറഞ്ഞത് ഇങ്ങനെ: ആശുപത്രിയില്‍ സ്റ്റോക്ക് ഇല്ലാത്തതുകാരണം രോഗിയുടെ അനുവാദത്തോടെ മരുന്ന് വാങ്ങിച്ചെന്നാണ് ഡോക്ടര്‍ പറഞ്ഞത്. പുറത്ത് 6000 രൂപയോളം വിലവരുന്ന മരുന്ന് മൊത്തവില്‍പനക്കാരില്‍ നിന്നും വാങ്ങിയതുകൊണ്ട് രോഗിക്ക് 1500 രൂപയോളം കുറച്ചാണ് മരുന്ന് ലഭിച്ചത്. ഡോക്ടര്‍ പറഞ്ഞ പ്രകാരം 4440 രൂപയ്ക്ക് ജയില്‍ റോഡിലെ അല്‍ഫാ ഏജന്‍സിയാണ് ബിഎസ്‌വി കമ്പനിയുടെ മരുന്ന് മെഡിക്കല്‍ കോളജില്‍ ലഭ്യമാക്കിയതെന്നും ബില്‍ തങ്ങള്‍ക്ക് ലഭിച്ചതായും പൊലിസ് അറിയിച്ചു.
അലര്‍ജിയുടെ മരുന്ന് ഇവിടെയില്ലെന്ന്്് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി ആര്‍ രാജേന്ദ്രന്‍ അറിയിച്ചു. പേപ്പട്ടി വിഷബാധയേറ്റാല്‍ നല്‍കുന്ന വാക്‌സിന് ചിലര്‍ക്ക് അലര്‍ജിയുണ്ടാക്കും. ഇതിന് ബദലായുള്ള മരുന്ന് മെഡിക്കല്‍ കോളജില്‍ ഇല്ലായിരുന്നു.
അത് പ്രാദേശികമായി വാങ്ങാന്‍ സമയമെടുക്കുന്നതിനാലും വൈകുന്നത് ചെറിയ കുട്ടികള്‍ക്ക് കൂടുതല്‍ അപകടത്തിന് സാധ്യതയുള്ളതുകൊണ്ടാണ് ഡ്യൂട്ടി ഡോക്ടര്‍ മരുന്ന് പുറത്ത് നിന്ന് വാങ്ങാന്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടത്. അത് വില കുറച്ച് ഏര്‍പ്പാക്കി കൊടുക്കുകയാണ് ഡോക്ടര്‍ ചെയ്തത്. ബന്ധുക്കള്‍ സമ്മതിച്ച പ്രകാരമാണ് അത്യാവശ്യ ഘട്ടത്തില്‍ മരുന്ന് വാങ്ങിച്ച് നല്‍കിയതെന്ന് ഡ്യൂട്ടി ഡോക്ടര്‍ അറിയിച്ചിട്ടുണ്ട്- അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it