Kottayam Local

മെഡിക്കല്‍ കോളജില്‍ പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു

ആര്‍പ്പൂക്കര: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനി ബാധിച്ച് ചികില്‍സ തേടിയെത്തുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. എന്നാല്‍ പ്രത്യേകതരത്തിലുള്ള പനിബാധിതരുടെ എണ്ണം ഇന്നലെ രാത്രി വരെ 15 ആയി ഉയര്‍ന്നു.
സാധാരണ പനി ബാധിതരുടെ എണ്ണം ഇതിന്റെ നാല് ഇരട്ടിയാണ്. പ്രത്യേക പനി ബാധിച്ചവരെ പകര്‍ച്ചവ്യാധി വാര്‍ഡിലാണ് കിടത്തി ചികില്‍സിക്കുന്നത്. മറ്റുള്ളവരെ മെഡിസിന്‍ വാര്‍ഡുകളിലും. പനി ബാധിച്ച് ചികില്‍സ തേടിയെത്തിയവരില്‍ ആരേയും നിപാ വൈറസ് പരിശോധനക്കായി വിധേയമാക്കിയിട്ടില്ല. എലിപ്പനി, തക്കാളിപ്പനി, എച്ച്‌വണ്‍ എന്‍വണ്‍ എന്നീ പനികള്‍ ഉണ്ടോയെന്ന് അറിയാന്‍ നാലു രോഗികളുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ജോലിക്കായും വിദ്യാഭ്യാസ ആവശ്യത്തിനുമായി സംസ്ഥാനത്തിന്റെ പുറത്തുപോയി പനി ബാധിച്ച് എത്തിയവരെയും മലബാര്‍ മേഖലകളില്‍ നിന്ന് പനി ബാധിച്ചവരുടെയുമാണ് രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്.
രണ്ടാഴ്ച മുമ്പ് നിപാ വൈറസ് ബാധ സ്ഥിരീകരിച്ച നാട്ടില്‍ നിന്ന് ഒരാള്‍ പനി ബാധിച്ച് മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയെത്തിയതോടെയാണ് ഡോക്ടര്‍മാരടക്കമുള്ളവര്‍ക്ക് ആശങ്ക ഉണ്ടാവാന്‍ കാരണം. ചികില്‍സ തേടിയെത്തിയ കോഴിക്കോട് പേരാമ്പ്ര സ്വദേശിക്കും കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴ്‌സിങ് വിദ്യാര്‍ഥിക്കും നിപാ വൈറസ് ബാധയില്ലെന്ന് പരിശോധനകളില്‍ കണ്ടെത്തിയിട്ടും ഇപ്പോഴും ചില ജീവനക്കാര്‍ അടക്കം നിപാ വൈറസ് ബാധിതര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുണ്ടെന്ന തരത്തില്‍ സംസാരിക്കുന്നത്് ആശങ്കയ്ക്കു കാരണമാവുന്നതായും ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.




















Next Story

RELATED STORIES

Share it