kozhikode local

മെഡിക്കല്‍ കോളജില്‍ കേടായ വെന്റിലേറ്ററുകള്‍ മാറ്റിസ്ഥാപിച്ചില്ല

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ കേടായ വെന്റിലേറ്റര്‍ ഇനിയും മാറ്റിസ്ഥാപിച്ചില്ല . വെന്റിലേറ്റര്‍ ക്ഷാമം അനുഭവപ്പെടുന്ന മെഡിക്കല്‍ കോളജിനു ജില്ലയിലെ എംഎല്‍എമാരുടെ കൂട്ടായ്മയില്‍ 11 വെന്റിലേറ്ററുകള്‍ ലഭിച്ചിരുന്നു. കാര്‍ഡിയോളജി, ന്യൂറോളജി, ന്യൂറോ സര്‍ജറി, മെഡിസിന്‍, സര്‍ജറി, അനസ്തീഷ്യ, നെഞ്ച് രോഗ വിഭാഗം, അത്യാഹിത വിഭാഗം, ഗൈനക്കോളജി, കാര്‍ഡിയോ തൊറാസിക് എന്നീ വിഭാഗങ്ങളിലേക്കാണ് ഇതു നല്‍കിയത്.
വെന്റിലേറ്റര്‍ സ്ഥാപിച്ച് ഒരു മാസത്തിനുള്ളില്‍ തന്നെ പുതിയ ആറു വെന്റിലേറ്ററുകള്‍ പ്രവര്‍ത്തനരഹിതമാവുകയായിരുന്നു. തുടര്‍ന്ന് കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ബയോമെഡിക്കല്‍ എന്‍ജിനീയര്‍ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ യു വി ജോസിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് 11 വെന്റിലേറ്ററും മാറ്റിസ്ഥാപിക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും 11 വെന്റിലേറ്ററുകളും മാറ്റിസ്ഥാപിച്ചിട്ടില്ല. അപകടംപറ്റിയും അല്ലാതെയും വരുന്ന രോഗികളില്‍ വെന്റിലേറ്ററിന്റെ സഹായം ആവശ്യമായവര്‍ക്ക് യഥാസമയം നല്‍കാന്‍ ചില സമയങ്ങളില്‍ പ്രയാസം നേരിടുന്നു. ഇതിന്റെ പേരില്‍ പലപ്പോഴും രോഗികളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ട അവസ്ഥയുണ്ടാകാറുണ്ട്.
മന്ത്രി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ജില്ലയിലെ എംഎല്‍എമാര്‍ രൂപംനല്‍കിയ ഈ പദ്ധതി മെഡിക്കല്‍ കോളജിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ മുതല്‍ക്കൂട്ടാണ്. 11 വെന്റിലേറ്റര്‍ ലഭിച്ചത് പാവപ്പെട്ട രോഗികള്‍ക്ക് ഏറെ ആശ്വാസമാണ്. വെന്റിലേറ്റര്‍ ഉപയോഗത്തെക്കുറിച്ച് വിവിധ വകുപ്പുകളിലുള്ളവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്.
അത്യാഹിത വിഭാഗം ഐസിയുവില്‍ വെന്റിലേറ്റര്‍ സൗകര്യമില്ലാതെ രോഗികള്‍ ബുദ്ധിമുട്ടുകയാണ്. സര്‍ജറി ഐസിയുവിലും വെന്റിലേറ്ററില്‍ കിടത്തേണ്ട രോഗികളെ ബെഡ്ഡില്‍ തന്നെ കിടത്തിയാണ് ചികില്‍സിക്കുന്നത്. പല വിഭാഗം ഐസിയുകളിലും വെന്റിലേറ്ററിന്റെ അഭാവം ഗുരുതരാവസ്ഥയിലുള്ള രോഗികളെ ദുരിതത്തിലാക്കുന്നു. വെന്റിലേറ്റര്‍ ഗുണനിലവാരമില്ലാത്തതാണ് പെട്ടെന്നു തന്നെ തകരാറിലാകാന്‍ കാരണമെന്ന്് ആരോപണമുണ്ട്.
Next Story

RELATED STORIES

Share it