kozhikode local

മെഡിക്കല്‍ കോളജില്‍ ഇന്‍സിനറേറ്റര്‍ നിര്‍മാണം വൈകുന്നു



കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ഇന്‍സിനേറ്റര്‍ നിര്‍മാണം വൈകുന്നു. മെഡിക്കല്‍ കോളജിലെ മാലിന്യങ്ങള്‍ കത്തിക്കുന്നതിനായി പുതിയ ഇന്‍സിനേറ്റര്‍ നിര്‍മിക്കാന്‍ 63.5 ലക്ഷം രൂപ അനുവദിച്ചിട്ടും ഇതുവരെ ഇന്‍സിനേറ്റര്‍ നിര്‍മാണം തുടങ്ങിയിട്ടില്ല. 2014 ഒക്ടോബറിലാണ് തുക അനുവദിച്ചത്. മാലിന്യ സംസ്‌കരണത്തിനായി സര്‍ക്കാര്‍ 37 ലക്ഷം രൂപയും എച്ച്ഡിഎസ് ഫണ്ടില്‍ നിന്ന് 26.5 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ദിവസം 5000 കി.ഗ്രാം മാലിന്യം കത്തിക്കാവുന്നതും ആശുപത്രിയിലെ സിറിഞ്ച്, സൂചി, ഗ്ലൗസ്, കോട്ടണ്‍ തുടങ്ങിയ മാലിന്യങ്ങളും സംസ്‌കരിക്കാവുന്ന ഇന്‍സിനേറ്ററാണ് വിഭാവനം ചെയ്തത്. മെഡിക്കല്‍ കോളജ്, ഐഎംസിഎച്ച്, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലെ മാലിന്യങ്ങള്‍ ഇവിടെ സംസ്‌കരിക്കാം. ഇപ്പോള്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കാതെയാണ് ഇവിടെ കത്തിക്കുന്നത്. പുക തിന്ന് ഗതികെട്ട് ജീവനക്കാരും പുകമൂലം രോഗം ഗുരുതരമായ രോഗികളും ബുദ്ധിമുട്ടുകയാണ്.പഴയ ഇന്‍സിനേറ്ററിന്റെ പുകക്കുഴല്‍ പൊട്ടിവീണിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. പൊട്ടിയ ഇന്‍സിനേറ്ററിന്റെ ചൂളയില്‍ വെച്ച് മാലിന്യങ്ങള്‍ കത്തിക്കുന്നത് കാരണം പുക മുഴുവന്‍ അത്യാഹിത വിഭാഗത്തിന്റെ ഉള്ളിലേക്ക് നിറയുകയാണ്. അത്യാഹിത വിഭാഗത്തിലെ ഐസിയുവിലെ രോഗികള്‍, പേവാര്‍ഡില്‍ കഴിയുന്ന രോഗികള്‍ എന്നിവരെയാണ് ഇത് ഗുരുതമായി ബാധിക്കുന്നത്. കൂടാതെ ആശുപത്രി ജീവനക്കാരെയും ഈ പുക വിഴുങ്ങുകയാണ്. പ്രതിഷേധവും പരാതികളും നിരന്തരം വാര്‍ത്തകളും വന്നതിനെതുടര്‍ന്നാണ് അധികൃതര്‍ പുതിയ ഇന്‍സിനേറ്റര്‍ വാങ്ങുവാന്‍ തീരുമാനിച്ചത്. എന്നാല്‍ തീരുമാനം നടപ്പിലാക്കുന്നതില്‍ അധികൃതര്‍ മൗനം പാലിക്കുകയാണ്. പുതിയത് വരും വരെ ഇവിടെ തന്നെ കത്തിക്കുമെന്നാണ് പറയുന്നത്. തുക പാസായിട്ടുണ്ടെങ്കിലും ഇന്‍സിനേറ്റര്‍ എന്നു വരുമെന്ന് രൂപമൊന്നുമില്ല. കോടികള്‍ പല സംഘടനകളും സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ടെങ്കിലും മെഡിക്കല്‍ കോളജിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോഴും മെച്ചപ്പെടുത്തിയിട്ടില്ല.
Next Story

RELATED STORIES

Share it