thiruvananthapuram local

മെഡിക്കല്‍ കോളജിന്റെ സമഗ്ര വികസനത്തിനായി കരട് മാസ്റ്റര്‍പ്ലാന്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളജിന്റെ വികസനത്തിനായി രൂപം നല്‍കിയ കരട് മാസ്റ്റര്‍പ്ലാന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. 140 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന മെഡിക്കല്‍ കോളജിന്റെ മുഖച്ഛായ മാറ്റുംവിധമുള്ള വികസന രൂപരേഖയാണിത്. മെഡിക്കല്‍ കോളജ്, ജില്ലാ ഭരണകൂടം, മെഡിക്കല്‍ കോളജ് അലുംനി അസോസിയേഷന്‍, ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് രൂപരേഖ തയ്യാറാക്കിയത്.
മെഡിക്കല്‍ കോളജ്, എസ്എടി ആശുപത്രി, ശ്രീചിത്ര ആശുപത്രി, റീജ്യനല്‍ കാന്‍സര്‍ സെന്റര്‍, ഡെന്റല്‍ കോളജ്, നഴ്‌സിങ് കോളജ്, ഫാര്‍മസി കോളജ്, പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ഡിഎംഇ ഓഫിസ് എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളുള്ള കാംപസ്, റോഡുകളുടെ അപര്യാപ്തതയും ജനസാന്ദ്രതയും വര്‍ധിച്ച വാഹനക്കുരുക്കുമെല്ലാം കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. ഇതു കാരണം ഈ ആശുപത്രികളില്‍ രോഗികളെ യഥാസമയം എത്തിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഇതും 25 വര്‍ഷം വരെ വരുന്ന ഭാവിയിലെ വികസനസാധ്യതകളും മുന്‍കൂട്ടിക്കണ്ട് മെഡിക്കല്‍ കോളജിനെയും അനുബന്ധ സ്ഥാപനങ്ങളെയും ജനസൗഹൃദമാക്കി മാറ്റാന്‍ പതിനാലിന നിര്‍ദേശങ്ങളാണ് മാസ്റ്റര്‍പ്ലാനിലുള്ളത്.
1300 വാഹനങ്ങള്‍ ഒരേസമയം പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന പാര്‍ക്കിങ് സംവിധാനമാണ് കരട് മാസ്റ്റര്‍പ്ലാനില്‍ പ്രധാനമായും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 300 വാഹനങ്ങള്‍ വീതം ഒരേസമയം പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ബഹുനിലയിലുള്ള രണ്ട് കാര്‍ പാര്‍ക്കിങ് മന്ദിരങ്ങളുണ്ടാവും. 700 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഓപണ്‍ പാര്‍ക്കിങ് ഏരിയയുമുണ്ടാകും. കാല്‍നട യാത്രക്കാര്‍ക്ക് എല്ലാ റോഡുകളോടും ചേര്‍ന്നു നടപ്പാതയൊരുക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി സുഗമമായ ഗതാഗത പരിഷ്‌കാരങ്ങള്‍ ഒരുക്കും. മെഡിക്കല്‍ കോളജിലേക്ക് എത്താനായി ഒരു പ്രധാന പ്രവേശനവഴി മാത്രമാക്കും. ആറു വഴികളിലൂടെ പുറത്തേ—ക്കു പോകാനുമാവും.
രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി രണ്ട് അമിനിറ്റി സെന്ററുകള്‍ സ്ഥാപിക്കും. 1000 പേര്‍ക്ക് 24 മണിക്കൂറും തങ്ങാന്‍ കഴിയുന്നതാണ് ഈ അമിനിറ്റി സെന്ററുകള്‍. ഇതില്‍ വിവരാന്വേഷണകേന്ദ്രം, പൊതുവായ ലാബ് സൗകര്യങ്ങള്‍, വിശ്രമസങ്കേതങ്ങള്‍, ഫുഡ്‌കോര്‍ട്ട്, പോസ്റ്റ് ഓഫിസ്, ബാങ്ക് എന്നിവയുമുണ്ടാകും. മെന്‍സ് ഹോസ്റ്റല്‍, ലേഡീസ് ഹോസ്റ്റല്‍, ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവ ഒരേപോലെ പുനര്‍നിര്‍മിക്കും. മൂന്നുനില വീതമുള്ള റോ ഹൗസ് മാതൃകയിലാണ് ഇവ നിര്‍മിക്കുക. ഒരു കെട്ടിടത്തില്‍ ആറു കുടുംബത്തിന് താമസിക്കാനാവും. ഇതേപോലെ 25 കെട്ടിടങ്ങള്‍ പണിഞ്ഞ് 150 കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യമൊരുക്കും.
സുഗമമായ യാത്രയ്ക്കായി മെഡിക്കല്‍ കോളജ് ജങ്ഷനിലെ പഴയ റോഡ് മുതല്‍ പേവാര്‍ഡ് വരെ നീളുന്ന സബ്‌വേ (അണ്ടര്‍ പാസേജ്) നിര്‍മിക്കും. രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സൗകര്യത്തിനായി ആശുപത്രിക്കെട്ടിടങ്ങളെ ബന്ധിപ്പിച്ചുള്ള ആകാശ ഇടനാഴികളും സ്ഥാപിക്കും. മാലിന്യങ്ങള്‍ നീക്കാനായി ആധുനിക സംവിധാനം ഏര്‍പ്പെടുത്തും. ഭാവിയില്‍ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്കായി ആവശ്യം വരുന്ന സ്ഥലവും മാസ്റ്റര്‍പ്ലാനില്‍ ബാക്കിവച്ചു.
നിലവിലുള്ള കളിസ്ഥലങ്ങള്‍ കേരള ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ച് പുതുക്കിപ്പണിയും. പ്രകൃതിസൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിനായി ജൈവവൈവിധ്യത്തിലൂന്നി അഞ്ച് ഏക്കര്‍ ചുറ്റളവില്‍ പാര്‍ക്ക് നിര്‍മിക്കും. ബഹുനിലയിലുള്ള ശൗചാലയങ്ങള്‍ നിര്‍മിക്കുകയും ആ മന്ദിരത്തിനു മുകളിലായി ലോണ്‍ട്രി, തുണികള്‍ വിരിക്കാനുള്ള സൗകര്യങ്ങള്‍ എന്നിവയുമുണ്ടാകും. മെഡിക്കല്‍ കോളജിന്റെ മുഖച്ഛായ മാറ്റുന്ന തരത്തിലുള്ള പ്രവേശന കവാടം നിര്‍മിക്കും. ഒപ്പം കാംപസിനുള്ളിലെ എല്ലാ കെട്ടിടങ്ങള്‍ക്കും ഒരേ മുഖവും നിറവും ഘടനയും നല്‍കും. പ്രവേശന കവാടത്തില്‍ മാസ്റ്റര്‍പ്ലാന്‍ ബോര്‍ഡ് സ്ഥാപിക്കും. ഒപ്പം വഴികാട്ടിയായി ചൂണ്ടുപലകകള്‍ എല്ലായിടത്തും സ്ഥാപിക്കും എന്നിവയാണ് മാസ്റ്റര്‍പ്ലാനില്‍ നിര്‍ദേശിക്കുന്നത്.കരട് മാസ്റ്റര്‍പ്ലാന്‍ അലുംനി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. എം ഐ സഹദുല്ല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിച്ചു.
മെഡിക്കല്‍ കോളജില്‍ അലുംനി അസോസിയേഷന്‍ നവീകരിച്ച സെന്‍ട്രല്‍ ലൈബ്രറിയുടെയും അനാട്ടമി ലക്ചര്‍ ഹാളിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു.
മന്ത്രി വി എസ് ശിവകുമാര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, അലുംനി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. എം ഐ സഹദുല്ല, വൈസ് പ്രസിഡന്റ് ഡോ. സി ജോണ്‍ പണിക്കര്‍, സെക്രട്ടറി ഡോ. വിശ്വനാഥന്‍, ട്രഷറര്‍ ഡോ. കെ ദിനേഷ്, അമേരിക്കയിലെ ജെഫേഴ്‌സന്‍ ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രഫസര്‍മാരായ കട്ടാല്‍ഡോ ഡോറിയ, എം വേലായുധന്‍പിള്ള, ഡോ. മുഹമ്മദ് മജീദ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഗിരിജകുമാരി പങ്കെടുത്തു.
Next Story

RELATED STORIES

Share it