മെഡലല്ല; അനസ് മടങ്ങുന്നത് മനംകവര്‍ന്ന്

കോഴിക്കോട്: ജന്‍മനായുള്ള ചെറിയ ശാരീരിക വൈകല്യങ്ങളുടെ പേരില്‍പ്പോലും പുറംലോകത്തു നിന്ന് ഉള്‍വലിഞ്ഞു നില്‍ക്കുന്നവര്‍ മലപ്പുറം ഐയുഎച്ച്എസ് എസ് പറപ്പൂരിലെ വിദ്യാര്‍ഥിയായ എന്‍ മുഹമ്മദ് അനസിനെ കണ്ടുപഠിക്കണം. സംസ്ഥാന കായികമേളയുടെ ആദ്യദിനത്തിലെ മല്‍സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഏവരുടെയും കണ്ണുകള്‍ ഈ ബാലനിലായിരുന്നു.
ജന്‍മനാ തന്നെ ഒരു കൈയില്ലാതെ ജനിച്ച അനസിനു ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ജംപില്‍ മെഡലൊന്നും നേടാനായില്ലെങ്കിലും തന്റെ സാന്നിധ്യമറിയിച്ചാണ് മടങ്ങിയത്. ഈയിനത്തില്‍ മെഡല്‍ നേടിയ താരത്തേക്കാള്‍ കൈയടിവാങ്ങിയത് അനസായിരുന്നു. യോഗ്യതാറൗണ്ടില്‍ 5.40 മീറ്ററാണ് താരം ചാടിയത്. എന്നാല്‍ ഫൈനലിലേക്കുള്ള യോഗ്യതാ കടമ്പയായ 5.70 മീറ്ററെന്ന ദൂരം അനസിന് അകലെയായിരുന്നു. എങ്കിലും താരം നിരാശനായിരുന്നില്ല. തന്റെ കഴിവിന്റെ പരമാവധി മികച്ച പ്രകടനം നടത്താന്‍ ശ്രമിച്ചതിന്റെ ആഹ്ലാദം അനസിന്റെ മുഖത്ത് പ്രകടമായിരുന്നു.
പരിശീലനത്തില്‍ താന്‍ ആറു മീറ്റര്‍ വരെ ചാടിയിരുന്നുവെന്ന് 10ാം ക്ലാസുകാരനായ അനസ് പറയുന്നു. സ്‌പോര്‍ട്‌സിനോടുള്ള ഇഷ്ടം കൊണ്ടു മാത്രമാണ് താന്‍ മല്‍സരരംഗത്തേക്കു വന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.
രണ്ടു തവണ ജില്ലാ സ്‌കൂള്‍ മീറ്റില്‍ മല്‍സരിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന കായികമേളയില്‍ അനസിന് ഇതു കന്നിയങ്കമാണ്. ആദ്യ ജില്ലാ മീറ്റില്‍ മെഡല്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും ഇത്തവണത്തെ മീറ്റില്‍ വെള്ളി നേടിയാണ് താരം സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയത്. റഷ്യയില്‍ നടന്ന ഭിന്നശേഷിക്കാര്‍ക്കുള്ള പാരാ അത്‌ലറ്റിക് മീറ്റി ല്‍ പങ്കെടുക്കാന്‍ അനസിന് അവസരം കൈവന്നിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളെത്തുടര്‍ന്ന് മല്‍സരിക്കാന്‍ സാധിച്ചില്ല. ഏഴാം ക്ലാസ് മുതല്‍ പരിശീലനം നടത്തിവരുന്ന താരത്തിന്റെ കോച്ച് റിയാസാണ്. കോട്ടക്കല്‍ കുയിപ്രം നടുത്തൊടി വീട്ടില്‍ ടെയ്‌ലറായ അബ്ദുവിന്റെ ഖദീജയുടെയും മകനാണ് അനസ്. ഒരു സഹോദരനും സഹോദരിയുമുണ്ട്.
Next Story

RELATED STORIES

Share it