മൂവാറ്റുപുഴ സീറ്റ് വിട്ടുകൊടുക്കില്ല: സിപിഐ

കൊച്ചി: മൂവാറ്റുപുഴ സീറ്റ് വിട്ടുനല്‍കില്ലെന്നു സിപിഐ നിലപാടെടുത്തത് മാണി ഗ്രൂപ്പ് വിട്ട് എല്‍ഡിഎഫിനൊപ്പം ചേരാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തിനു തിരിച്ചടിയാവും. മൂവാറ്റുപുഴ സീറ്റ് വിട്ടുനല്‍കുന്നില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു. പറവൂര്‍, മൂവാറ്റുപുഴ സീറ്റുകള്‍ സിപിഐയുടേതാണ്. രണ്ടു സീറ്റും വിട്ടുനല്‍കാനോ വച്ചുമാറാനോ സിപിഐ തയ്യാറല്ല. ഫ്രാന്‍സിസ് ജോര്‍ജിന് കോതമംഗലത്ത് വേണമെങ്കില്‍ മല്‍സരിക്കാം. മൂവാറ്റുപുഴയ്ക്കു പകരം കോതമംഗലമാണ് അദ്ദേഹത്തിന് അനുയോജ്യം. മൂവാറ്റുപുഴയില്‍ സിപിഐ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയിക്കഴിഞ്ഞു. ബൂത്ത് തലത്തിലുള്ള കമ്മിറ്റികള്‍ വരെ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞെന്നും പി രാജു പറഞ്ഞു.
രണ്ടു സീറ്റുകളിലെയും സ്ഥാനാര്‍ഥിനിര്‍ണയം സംബന്ധിച്ച് 15ന് ചേരുന്ന ജില്ലാ എക്‌സിക്യൂട്ടീവും ജില്ലാ കൗണ്‍സിലും ആദ്യറൗണ്ട് ചര്‍ച്ച നടത്തും. 16നു ചേരുന്ന പറവൂര്‍, മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റികളില്‍ ചര്‍ച്ചചെയ്ത ശേഷം 17നു ചേരുന്ന ജില്ലാ നിര്‍വാഹകസമിതി സ്ഥാനാര്‍ഥികളുടെ പാനല്‍ തയ്യാറാക്കി സംസ്ഥാന കൗണ്‍സിലിനു സമര്‍പ്പിക്കുമെന്നും പി രാജു പറഞ്ഞു. സീറ്റ് വിട്ടുനല്‍കണമോയെന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വമാണ് അന്തിമ തീരുമാനം പറയേണ്ടത്. സംസ്ഥാന നേതൃത്വം ഏതു തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം ലക്ഷ്യമിട്ട സീറ്റുകളിലൊന്നാണ് മൂവാറ്റുപുഴ. ഈ സീറ്റു ലഭിച്ചാല്‍ ഫ്രാന്‍സിസ് ജോര്‍ജാവും മിക്കവാറും ഇവിടെ സ്ഥാനാര്‍ഥിയായി എത്തുക. എല്‍ഡിഎഫുമായി നടത്തിയ ചര്‍ച്ചയില്‍ ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം ആവശ്യപ്പെട്ട സീറ്റുകളില്‍ മൂവാറ്റുപുഴയും ഉണ്ടായിരുന്നു. നിലവില്‍ സിപിഐയുടേതാണ് ഈ സീറ്റെങ്കിലും അവരെ അനുനയിപ്പിച്ച് സീറ്റ് നല്‍കുന്നത് പരിഗണിക്കാമെന്നു സിപിഎം നേതൃത്വം ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തെ അറിയിച്ചതായാണു വിവരം. ഇതിനിടയിലാണ് സീറ്റ് വിട്ടുനല്‍കില്ലെന്ന നിലപാടുമായി സിപിഐ ജില്ലാ നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it