wayanad local

മൂന്ന് സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും കിടത്തിച്ചികില്‍സ നിര്‍ത്തി

മാനന്തവാടി: പേരില്‍ സി എച്ച് സിയാക്കി ഉയര്‍ത്തിയെങ്കിലും ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാതെ താലൂക്കിലെ മൂന്ന് സാമൂഹ്യാരോഗ്യകേന്ദ്രങ്ങളിലും രോഗികള്‍ക്ക് കിടത്തി ചികിത്സ നിഷേധിക്കുന്നു. ഇതോടെ അടിസ്ഥാന സൗകര്യങ്ങളുണ്ടായിട്ടും കിടത്തിചികില്‍സ ലഭ്യമാവാതെ നിസാര രോഗങ്ങള്‍ക്ക് പോലും രോഗികള്‍ ജില്ലാ ആശുപത്രിയെ ആശ്രയിക്കേണ്ടി വരുന്നു. സിഎച്ച്‌സി പ്രകാരമുള്ള സ്റ്റാഫ് പാറ്റേണ്‍ അടിസ്ഥാനത്തില്‍ തസ്തികകള്‍ സൃഷ്ടിക്കാത്തതാണ് രോഗികള്‍ക്ക് ദുരിതമാവുന്നത്. ഇത് കാരണം ജില്ലാ ആശുപത്രിയില്‍ തിരക്ക് വര്‍ദ്ധിക്കുകയും ഉയര്‍ന്ന ചികിത്സലഭിക്കേണ്ട രോഗികളുള്‍പ്പെടെ സൗകര്യങ്ങളില്ലാതെ ദുിരിതമനുഭവിക്കുകയും ചെയ്യുന്നു. സാമൂഹ്യാരോഗ്യകേന്ദ്രങ്ങളില്‍ മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പിച്ചു പറയുമ്പോഴാണ് താലൂക്കിലെ മൂന്ന് സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും രോഗികളെ കിടത്തി ചികിത്സ നടത്താത്തത്. പേര്യ,നല്ലൂര്‍നാട്. പൊരുന്നന്നൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലാണ് അടിസ്ഥാന സൗകര്യങ്ങളുണ്ടായിട്ടും ഐ പി സൗകര്യം ലഭ്യമല്ലാത്തത്. പൊരുന്നന്നൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രം 2008 ലാണ് സാമൂഹ്യാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്. 1987 ല്‍ ഇവിടെ രോഗികളെ കിടത്തി ചികിത്സിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പലപ്പോഴും നീണ്ട പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ഐ പി വിഭാഗം പ്രവര്‍ത്തിക്കുകയും പിന്നീട് അടക്കുകയുമായിരുന്നു പതിവ്. രോഗികള്‍ക്കായി ആധുനിക സൗകര്യങ്ങളോടെയുള്ള ലാബ്, ഓപ്പറേഷന്‍ തിയ്യറ്റര്‍, എക്‌സ്‌റേ യൂണിറ്റ്, ജീവനക്കാര്‍ക്ക് താമസിക്കാനായി ആറ് ക്വാട്ടഴ്‌സുകള്‍ 20 പേരെ കിടത്തി ച്ചികിത്സിക്കാന്‍ കഴിയുന്ന കെട്ടിടങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇവിടെയുണ്ട്. എന്നാല്‍ ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരുമില്ലാതെ വന്നതോടെ ഐ പി വാര്‍ഡുകള്‍ അടഞ്ഞു കിടക്കുകയാണ്. നിലവില്‍ അഞ്ച് ഡോക്ടര്‍മാരുടെയും എട്ട് സ്റ്റാഫ് നെഴ്‌സിന്റെയും ഫാര്‍മസിസ്റ്റ്, എക്‌സറേ ടെക്‌നിഷ്യന്‍ തുടങ്ങിയവരുടെയും തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. താല്‍ക്കാലികാടിസ്ഥാനത്തിലാണ് രണ്ട് ഡോക്ടര്‍മാരുള്ളത്. ആദിവാസികളുള്‍പ്പെടെ മുന്നൂറോളം രോഗികളാണ് നിത്യവും ഒ പി വിഭാഗത്തിലെത്തുന്നത്. ക്വാട്ടേഴ്‌സുകളില്‍ ഡോക്ടര്‍മാരാരും തന്നെ താമസമില്ലാത്തിനാല്‍ വൈകുന്നേരത്തോടെ ആശുപത്രി പ്രവര്‍ത്തനം നിലക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതോടെ തിരക്ക് കാരണം വീര്‍പ്പു മുട്ടുന്ന ജില്ലാ ആശുപത്രിയെയാണ് നിസ്സാര രേഗങ്ങള്‍ക്ക് പോലും രോഗികള്‍ ആശ്രയിക്കുന്നത്. പൊരുന്നനൂര്‍ ആരോഗ്യകേന്ദ്രത്തില്‍ ഡന്റല്‍ വിഭാഗം തുടങ്ങുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വകയിരുത്തിയെങ്കിലും പിന്നാട് ഡോക്ടറെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നുവെന്നും ആരോപണമുണ്ട്. ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിച്ച സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നാണ് ആവശ്യമുയരുന്നത്.
Next Story

RELATED STORIES

Share it