മൂന്നു ദിവസത്തെ മുഴുനീള തിരച്ചിലിനായി നാവികസേന

തിരുവനന്തപുരം/കൊച്ചി/മട്ടാഞ്ചേരി: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായ മല്‍സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനായി നാവികസേനയുടെ രണ്ടു കപ്പലുകള്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന തിരച്ചിലിനായി പുറപ്പെട്ടു. നാവികസേനയുടെ ആര്യമാന്‍, വൈഭവ് എന്നീ കപ്പലുകളാണ് മൂന്നു ദിനരാത്രങ്ങള്‍ തുടര്‍ച്ചയായുള്ള തിരച്ചിലിനായി വിഴിഞ്ഞത്തുനിന്നു പുറപ്പെട്ടത്. 32 അംഗ മല്‍സ്യത്തൊഴിലാളികളും രണ്ടു കപ്പലുകളിലുമായി സേനയ്‌ക്കൊപ്പമുണ്ട്. അതേസമയം, കൊച്ചിയില്‍ നിന്നു മല്‍സ്യബന്ധനത്തിനു പോയി കടലില്‍ കുടുങ്ങിയ 87 മല്‍സ്യത്തൊഴിലാളികളെ തീരസംരക്ഷണസേന രക്ഷിച്ചു. നാവിക സേന 25 പേരെയും കോസ്റ്റ് ഗാര്‍ഡ് വിവിധ മല്‍സ്യബന്ധന ബോട്ടുകളിലെ 62 പേരെയുമാണ് പുറങ്കടലില്‍ നിന്നു രക്ഷപ്പെടുത്തിയത്. തിരുവനന്തപുരം തീരത്ത് തിരച്ചില്‍ നടത്തുന്ന കോസ്റ്റ്ഗാര്‍ഡ് ഇന്നലെ രാവിലെ രണ്ടു മല്‍സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ഏഴു ദിവസം കടലില്‍ അലഞ്ഞ ശേഷമാണ് ഇവര്‍ കരയ്‌ക്കെത്തിയത്. 92 പേരെ കൂടി മാത്രമേ കണ്ടെത്താനുള്ളൂവെന്ന വാദത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍, മല്‍സ്യത്തൊഴിലാളി സംഘടനകളും ലത്തീന്‍ അതിരൂപതയും ഈ കണക്കുകളോട് യോജിക്കുന്നില്ല. 201 പേര്‍ കൂടി മടങ്ങിയെത്താനുണ്ടെന്ന് ലത്തീന്‍ അതിരൂപത ഭാരവാഹികള്‍ വ്യക്തമാക്കുന്നു. കൊച്ചിയില്‍ നിന്നു പുറപ്പെട്ട 60ഓളം ബോട്ടുകളെക്കുറിച്ചും ഇതുവരെ വിവരമൊന്നുമില്ല. എന്നാല്‍, മഹാരാഷ്ട്രയിലും ഗോവയിലുമായി എത്തിപ്പെട്ട ബോട്ടുകള്‍ കൂടി മടങ്ങിയെത്തിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ എന്നാണ് അധികൃതര്‍ പറയുന്നത്. അതിനിടെ, സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷനെതിരേ പ്രതിഷേധവുമായി മല്‍സ്യത്തൊഴിലാളികള്‍ രംഗത്തെത്തി. അരിക്ക് ഗുണനിലവാരമില്ലെന്ന് ആരോപിച്ച് വിഴിഞ്ഞം മേഖലയിലെ തൊഴിലാളികള്‍ റേഷന്‍ തിരസ്‌കരിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി 20 മിനിറ്റ് ചര്‍ച്ച നടത്തി. ദുരന്തം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വെള്ളിയാഴ്ച സര്‍വകക്ഷി യോഗം വിളിച്ചു.
Next Story

RELATED STORIES

Share it