Flash News

മൂന്നാര്‍ അപകടാവസ്ഥയിലെന്ന് കേന്ദ്രമന്ത്രിയുടെ റിപോര്‍ട്ട്‌



ന്യൂഡല്‍ഹി: മൂന്നാര്‍ അപകടാവസ്ഥയിലെന്ന് കേന്ദ്രസര്‍ക്കാരിന്റെ റിപോര്‍ട്ട്. കെട്ടിടങ്ങള്‍ അപകടാവസ്ഥയിലാണെന്നും അപകടം ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം സാധ്യമല്ലെന്നും മൂന്നാര്‍ സന്ദര്‍ശിച്ച് കേന്ദ്ര ഭക്ഷ്യപൊതുവിതരണ വകുപ്പ് സഹമന്ത്രി സി ആര്‍ ചൗധരി തയ്യാറാക്കിയ റിപോര്‍ട്ടില്‍ പറയുന്നുണ്ട്. റിപോര്‍ട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനും കൈമാറി. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് ചൗധരി മൂന്നാര്‍ സന്ദര്‍ശിച്ചത്.   അതീവ അപകടാവസ്ഥയിലുള്ള മൂന്നാറില്‍ ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോവുമെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഉത്തരാഖണ്ഡിന് സമാനമായ വലിയ ദുരന്തത്തിനുള്ള സാധ്യതയില്ലെങ്കിലും കെട്ടിടങ്ങള്‍ ഇടിഞ്ഞുവീഴാവുന്ന സ്ഥിതിയുണ്ട്. ഇടുങ്ങിയ വഴികളാണ് മൂന്നാറിലേക്കുള്ളത് എന്നതിനാല്‍ അപകടങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനും തടസ്സമാവും. സൈന്യത്തിനുള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിന് ഉടന്‍ എത്തിപ്പെടാനാവാത്ത സാഹചര്യമുണ്ട്. പെട്ടെന്ന് താഴ്ന്നുപോവുന്ന മണ്ണാണ് മൂന്നാറിലേത്. അശാസ്ത്രീയമായി നിര്‍മിച്ച കെട്ടിടങ്ങളാണ് ഏറെയും.  താഴ്‌വാരങ്ങളില്‍ മാത്രമേ ഹോട്ടലുകള്‍ക്ക് അനുമതി നല്‍കാന്‍ പാടുള്ളു. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മൂന്നാറിനെ മാറ്റണം. ഇതിനായി മെച്ചപ്പെട്ട ഗതാഗത സൗകര്യം ഒരുക്കണമെന്നും റിപോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. മൂന്നാറിലെ പരിസ്ഥിതി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് പരിസ്ഥിതി വിഷയങ്ങളില്‍ അറിവുള്ള ഭൗമവിദഗ്ധന്‍ കൂടിയായ സി ആര്‍ ചൗധരിയെ കേന്ദ്രം മൂന്നാറിലേക്ക് അയച്ചത്.
Next Story

RELATED STORIES

Share it