മൂണിന്റെ ഇസ്രായേല്‍ വിമര്‍ശനത്തിനെതിരേ ബെഞ്ചമിന്‍ നെതന്യാഹു

ന്യൂയോര്‍ക്ക്: ഇസ്രായേല്‍ അധിനിവേശവും കുടിയേറ്റവുമാണ് ഫലസ്തീനികളുമായി സമാധാനം സ്ഥാപിക്കുന്നതിന് പ്രധാന തടസ്സമെന്ന ബാന്‍ കി മൂണിന്റെ പ്രസ്താവനയ്‌ക്കെതിരേ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു. ബാന്‍ കി മൂണിന്റെ പ്രസ്താവന ഭീകരതയ്ക്കു നല്‍കുന്ന പിന്തുണയാണെന്ന് നെതന്യാഹുവിന്റെ ഓഫിസ് പുറത്തുവിട്ട പ്രസ്താവന ആരോപിച്ചു.
ഏറെക്കാലമായി യുഎന്നിന് അതിന്റെ നിഷ്പക്ഷതയും ധാര്‍മിക ഗുണവും നഷ്ടപ്പെട്ടിരിക്കുകയാണെന്നും ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന അതിന്റെ അവസ്ഥയെ മെച്ചപ്പെടുത്തുകയില്ലെന്നും നെതന്യാഹു പറഞ്ഞു. സുരക്ഷാ നടപടി ക്രമങ്ങള്‍ കൊണ്ടു മാത്രം അധിനിവിഷ്ട ഫലസ്തീന്‍ മണ്ണിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാനാവില്ല. കാരണം, ചില ഫലസ്തീനികളില്‍, പ്രത്യേകിച്ചും യുവാക്കളില്‍ ആഴ്ന്നിറങ്ങിയിരിക്കുന്ന അന്യതാബോധത്തെയും നിരാശയെയും അതു ചികില്‍സിക്കുന്നില്ല. അധിനിവേശത്തിന്റെ അര നൂറ്റാണ്ട് ഫലസ്തീനികളുടെ നിരാശ വര്‍ധിപ്പിക്കുകയാണ് ചെയ്തത് എന്നായിരുന്നു മൂണിന്റെ പ്രസ്താവന.
അതേസമയം യുഎന്നിലെ ഇസ്രായേല്‍ പ്രതിനിധി ഡാനി ഡനോണും രക്ഷാസമിതിക്കെതിരേ ആരോപണം ഉയര്‍ത്തി. ഇസ്രായേല്‍ സിവിലിയന്‍മാരുടെ ഒരു കൊലപാതകത്തെ പോലും രക്ഷാസമിതി അപലപിക്കുകയോ അതില്‍ ഇസ്രായേലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല- അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it