മുഹബ്ബത്തിന്റെ കദന കഥയിലെ കഥാപാത്രങ്ങള്‍ മല്‍സരത്തിന്

സമീര്‍ കല്ലായി

കോഴിക്കോട്: അനശ്വര പ്രണയത്തിന്റെ മായാത്ത സ്മരണകളുയര്‍ത്തി എന്ന് നിന്റെ മൊയ്തീന്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍ മൊയ്തീന്‍-കാഞ്ചനമാല കുടുംബങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരത്തിനിറങ്ങുന്നു. മുക്കം പഞ്ചായത്ത് പ്രസിഡന്റ് പദവി കൈപ്പിടിയിലൊതുക്കിയിട്ടുള്ള ഇരുകുടുംബങ്ങളിലെയും ഇളമുറക്കാരാണ് ഒരേ പാര്‍ട്ടിക്കായി നഗരസഭ പിടിക്കാനിറങ്ങിയിട്ടുള്ളത്. മൊയ്തീന്റെ സഹോദരന്‍ ബി പി റഷീദും കാഞ്ചനയുടെ സഹോദരന്‍ കൊറ്റങ്ങല്‍ സുരേഷ്ബാബുവുമാണ് കുടുംബപ്പെരുമ നിലനിര്‍ത്താന്‍ കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരിക്കുന്നത്.
റഷീദ് മുക്കം നഗരസഭയിലെ 15ാം ഡിവിഷന്‍ കയ്യിട്ടാപൊയിലിലും സുരേഷ്ബാബു 16 ഡിവിഷന്‍ വെസ്റ്റ് മാമ്പറ്റയിലുമാണ് ജനവിധി തേടുന്നത്. മൊയ്തീന്റെ ബാപ്പ ബലിയമ്പ്ര പുറ്റാട്ട് ഉണ്ണിമോയിന്‍ മുക്കം പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്നു. പിന്നീട് നീണ്ട 17 വര്‍ഷം അദ്ദേഹം മുക്കത്തിന്റെ ഭരണസാരഥിയായി. സുരേഷ്ബാബുവും മുമ്പ് മുക്കത്തിന്റെ ഭരണചക്രം തിരിച്ചിട്ടുണ്ട്. ഇരുവരും കോണ്‍ഗ്രസ് കൊടിക്കീഴിലായിരുന്നു അണിനിരന്നിരുന്നത്. മൊയ്തീനും സഹോദരി സുഹറയും മുമ്പ് പഞ്ചായത്തിലേക്കു മല്‍സരിച്ചു ജയിച്ചിട്ടുണ്ട്. മൊയ്തീന്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ചിറകിലേറിയാണ് വിജയം കണ്ടത്. സുഹ്‌റ കൊടിയത്തൂര്‍ പഞ്ചായത്തിലേക്കാണു തിരഞ്ഞെടുക്കപ്പെട്ടത്. പിതാവിന്റെയും സഹോദരങ്ങളുടെയും വഴിയേ റഷീദും അങ്ങനെ ജനഹിതമറിയാനുള്ള പോരാട്ടത്തിലാണ്.
യൂത്ത് കോണ്‍ഗ്രസ് ജില്ലാനേതാവായി രാഷ്ട്രീയത്തില്‍ തിളങ്ങിയ റഷീദ് ഇപ്പോള്‍ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. 79ല്‍ മുക്കം പഞ്ചായത്ത് പ്രസിഡന്റ് പദവിയിലിരുന്ന സുരേഷ്ബാബുവിന് ദീര്‍ഘകാലത്തെ ഇടവേളയ്ക്കു ശേഷമാണ് പാര്‍ട്ടി മല്‍സരരംഗത്തേക്ക് നിയോഗിച്ചത്. മുക്കം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, മുക്കം ഹൈസ്‌കൂള്‍ മാനേജിങ് കമ്മിറ്റി, കാരന്തൂര്‍ ഹൗസിങ് സൊസൈറ്റി, ഡയറക്ടര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം, അഗസ്റ്റിയന്‍മൂഴി എയുപിഎസ് മാനേജിങ് കമ്മിറ്റി, പ്രതീക്ഷ സ്‌കൂള്‍ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it