മുസ്‌ലിം വ്യക്തിനിയമം; ആവശ്യമില്ലാത്തവര്‍ക്ക് മറ്റു നിയമങ്ങള്‍ പിന്തുടരാം: പേഴ്‌സനല്‍ ലോ ബോര്‍ഡ്

ന്യൂഡല്‍ഹി: മുസ്‌ലിം വ്യക്തിനിയമം പിന്തുടരാന്‍ ആഗ്രഹമില്ലാത്തവര്‍ക്കു സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹം കഴിക്കാന്‍ തടസ്സമില്ലെന്ന് അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് (എഐഎംപിഎല്‍ബി) വനിതാ വിഭാഗം. മുസ്‌ലിം വ്യക്തിനിയമങ്ങള്‍ക്കു നേരെ നിരന്തരം പ്രചാരണങ്ങള്‍ വരുന്നതിനു പിന്നില്‍ ഏക സിവില്‍കോഡ് നടപ്പാക്കുകയെന്ന ഗൂഢാലോചനയാണെന്നും മുസ്‌ലിം വ്യക്തിനിയമങ്ങള്‍ക്കു നേരെ ഒരു വിഭാഗം ഉയര്‍ത്തുന്ന എതിര്‍പ്പുകള്‍ ചെറുത്തുതോല്‍പ്പിക്കുമെന്നും മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് നിര്‍വാകസമിതി അംഗം അസ്മ സുഹ്‌റ പറഞ്ഞു.
മുത്വലാഖിനെതിരേ (മൂന്നുവിവാഹ മോചനവും ഒന്നിച്ചു ഉച്ചരിക്കല്‍) ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങളും നിയമനടപടികളും ഏക സിവില്‍കോഡ് മാത്രം ലക്ഷ്യം വച്ചുള്ളതാണ്. മുസ്‌ലിം വ്യക്തിനിയമം ഭേദഗതി ചെയ്യണമെന്നും മുത്വലാഖ് നിരോധിക്കണമെന്നുമാണ് 92 ശതമാനം മുസ്‌ലിംസ്ത്രീകള്‍ ആഗ്രഹിക്കുന്നതെന്ന വിധത്തില്‍ അടുത്തിടെ പുറത്തുവന്ന സവര്‍വേകളുടെ ആധികാരികത സംബന്ധിച്ചു സംശയമുണ്ട്.
ഇന്ത്യയിലെ കീഴ്‌ക്കോടതികള്‍ മുതല്‍ മേല്‍ക്കോടതികളില്‍ വരെ ലക്ഷക്കണക്കിന് കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഇതിലേക്കു മുസ്‌ലിം വിവാഹ തര്‍ക്കങ്ങളും മുസ്‌ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട മറ്റു കേസുകളും വരുമ്പോഴേക്ക് കോടതികളില്‍ ഭാരം കൂടുകയേയുള്ളൂ. മാത്രമല്ല, വിവാഹത്തര്‍ക്കങ്ങളില്‍ തീരുമാനമാവാന്‍ വര്‍ഷങ്ങള്‍ എടുക്കുകയും ചെയ്യും. വിവാഹവും വിവാഹമോചനവും ഉള്‍പ്പെടെയുള്ള മുസ്‌ലിം വ്യക്തിനിയമം സംബന്ധിച്ച കേസുകള്‍ പരിഹരിക്കുന്നതിന് പേഴ്‌സനല്‍ ലോ ബോര്‍ഡിനു നിലവില്‍ സംവിധാനങ്ങളുണ്ട്. അവ കാര്യക്ഷമമായി ഉപയോഗിക്കുന്നതോടെ തര്‍ക്കങ്ങള്‍ നീതിയുക്തമായി പരിഹരിക്കാന്‍ കഴിയും. ബഹുഭൂരിഭാഗം മുസ്‌ലിംകളും നിലവിലെ മുസ്‌ലിം വ്യക്തിനിയമം അനുസരിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ്.
ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും എതിരേ തുടര്‍ച്ചയായി ഉയരുന്ന ലിംഗവിവേചനം സംബന്ധിച്ച ആരോപണം അടിസ്ഥാനമില്ലാത്തതാണ്.
Next Story

RELATED STORIES

Share it