kasaragod local

മുസ്‌ലിംലീഗിലെ വിഭാഗീയത; പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന നേതാക്കള്‍ ജില്ലയില്‍

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി മുസ്‌ലിംലീഗില്‍ ഉടലെടുത്ത വിഭാഗീയതക്ക് പരിഹാരം കാണാന്‍ പാര്‍ട്ടി നേതാക്കളെത്തി. നേരത്തെ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രവര്‍ത്തന രംഗത്ത് പാര്‍ട്ടി ഇപ്പോഴും പിറകിലാണ്. ഈ സാഹചര്യത്തിലാണ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, അബ്ദുര്‍റഹ്മാന്‍ കല്ലായി തുടങ്ങിയ നേതാക്കള്‍ കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ഇന്നലെ എത്തിയത്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് നേതാക്കളില്‍ ഒരു വിഭാഗം പ്രവര്‍ത്തന രംഗത്ത് സജീവമാകാത്തത് സംസ്ഥാന നേതൃത്വം ഗൗരവമായി എടുത്തിട്ടുണ്ട്. ഇന്നലെ കാസര്‍കോട്ടെത്തിയ ഇ ടി ബഷീറും കെ പി എ മജീദും കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലം നേതാക്കളുമായി ചര്‍ച്ച നടത്തി. ജില്ലാ നേതാക്കളും സംബന്ധിച്ചു. കാസര്‍കോട് സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ നടന്ന കാസര്‍കോട് മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പല്‍ നേതാക്കളുടെ യോഗത്തില്‍ സംബന്ധിച്ചു. സ്ഥാനാര്‍ഥി എന്‍ എ നെല്ലിക്കുന്ന്, ജില്ലാ ലീഗ് പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് സി ടി അഹമ്മദലി, ജില്ലാ ഖജാഞ്ചി എ അബ്ദുര്‍റഹ്മാന്‍, എല്‍ എ മഹമൂദ് ഹാജി, എ എ ജലീല്‍, ഹാഷിം കടവത്ത്, എ എം കടവത്ത്, ടി ഇ അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു. സ്ഥാനാര്‍ഥിയുടെ വിജയത്തിന് രംഗത്തിറങ്ങാന്‍ നേതാക്കള്‍ നിര്‍ദ്ദേശം നല്‍കി.
ഉപ്പളയില്‍ നടന്ന മഞ്ചേശ്വരം മണ്ഡലം ലീഗ് ഭാരവാഹികളുടെ യോഗത്തിലും സംബന്ധിച്ചു. സ്ഥാനാര്‍ഥി പി ബി അബ്ദുര്‍റസാഖ് എംഎല്‍എ, ടി എ മൂസ, എ കെ എം അഷറഫ്, എം അബ്ബാസ് തുടങ്ങിയവര്‍ സംബന്ധിച്ചു. പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പുവരുത്തിയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it