Kottayam Local

മുഴുവന്‍ എ പ്ലസ് നേടി ഗ്രീഷ്മ; കുമരകം ഗവ. ഹൈസ്‌കൂളിന് ചരിത്രനേട്ടം

കുമരകം: ഇല്ലായ്മയുടെ നടുവില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതി മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ഗ്രീഷ്മ ഹരിദാസ് കുമരകം ഗവ. ഹൈസ്‌കൂളിനു നേടിക്കൊടുത്തതു ചരിത്രനേട്ടം. കുമരകം പാണ്ടന്‍ ബസാറിനു സമീപം ഹരീഷ്മ നിവാസില്‍ മിനിയുടെ മൂന്നു മക്കളില്‍ ഇളയവളായ ഗ്രീഷ്മ താന്‍ പഠിച്ച ഗവ. ഹൈസ്‌കൂളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുന്ന ആദ്യ വിദ്യാര്‍ഥി എന്ന ചരിത്ര നേട്ടമാണ് സ്വന്തമാക്കിയത്.
ഗ്രീഷ്മക്കു നാലു വയസ്സുള്ളപ്പോഴാണ് ചെത്തുതൊഴിലാളിയായ അച്ഛന്‍ മരിച്ചത്. പാചകത്തൊഴിലാളിയായ അമ്മ മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടി നന്നേ വിഷമിച്ചു. എങ്കിലും ഇളയ മകള്‍ ഗ്രീഷ്മയുടെ വിജയത്തില്‍ എല്ലാം സന്തോഷമായി മാറി. എല്ലാ വിഷയങ്ങള്‍ക്കും ഗ്രീഷ്മ പഠനത്തില്‍ മികവ് കാട്ടിയപ്പോള്‍ ഇംഗ്ലീഷ് മീഡിയത്തിലേക്കു പഠനം മാറ്റാന്‍ അധ്യാപകര്‍ നിര്‍ദേശിച്ചപ്പോള്‍ മലയാളം മീഡിയത്തില്‍ തുടരാനായിരുന്നു ഗ്രീഷ്മയുടെ തീരുമാനം.
ക്ലാസില്‍ മറ്റു കുട്ടികളുമായി പഠന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സ്വഭാവക്കാരിയായിരുന്നു ഗ്രീഷ്മ എന്ന് ക്ലാസ് ടീച്ചര്‍ രശ്മിയും എം എം മാധുരിദേവിയും പറഞ്ഞു. മൂത്ത സഹോദരി ഹരീഷ്മ കംപ്യൂട്ടര്‍ പഠനം പൂര്‍ത്തിയാക്കി. രണ്ടാമത്തെ സഹോദരി രേഷ്മ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ്. കൊമേഴ്‌സ് ഗ്രൂപ്പില്‍ പഠനം തുടരാനാണ് ഗ്രീഷ്മയുടെ തീരുമാനം.
Next Story

RELATED STORIES

Share it