മുല്ലപ്പെരിയാറില്‍ നീരൊഴുക്ക് കുറഞ്ഞു; സ്പില്‍വേയിലെ ഷട്ടറുകള്‍ അടച്ചു

എ അബ്ദുല്‍ സമദ്

കുമളി: നീരൊഴുക്ക് കുറഞ്ഞതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേയിലെ ഷട്ടറുകള്‍ തമിഴ്‌നാട് അടച്ചു. വൃഷ്ടി പ്രദേശങ്ങളില്‍നിന്നും സെക്കന്‍ഡില്‍ രണ്ടായിരം ഘനഅടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഒഴുകിയെത്തുന്ന അത്രയും വെള്ളം തമിഴ്‌നാട്ടിലേക്കു കൊണ്ടുപോവുകയാണ്.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നേരിയ മഴ മാത്രമാണ് ഇന്നലെ ലഭിച്ചത്. മുല്ലപ്പെരിയാറില്‍ 2.2 മില്ലീമീറ്ററും തേക്കടിയില്‍ 10.6 മില്ലീമീറ്ററുമാണ് മഴ ലഭിച്ചത്. ഇന്നലെ വൈകീട്ടു വരെയുള്ള കണക്കനുസരിച്ച് 141.65 അടി വെള്ളമാണ് അണക്കെട്ടിലുള്ളത്. മഴ വീണ്ടും ശക്തിപ്പെട്ടാല്‍ നീരൊഴുക്കിനനുസരിച്ച് ഷട്ടര്‍ ഉയര്‍ത്തും. നാലു ദിവസം മുമ്പ് പല ഘട്ടങ്ങളിലായി തുറന്ന ഷട്ടറുകള്‍ ഇന്നലെ ഉച്ചയോടെയാണ് അടച്ചത്. നീരൊഴുക്ക് നിലച്ചതോടെ താഴ്‌വരയിലുള്ള ആളുകള്‍ക്ക് താല്‍കാലിക ആശ്വാസമായി. എന്നാല്‍, അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്നു നില്‍ക്കുന്നതിനാല്‍ ആളുകള്‍ ഭീതിയിലാണ്. ജലനിരപ്പ് 141 അടിയില്‍ നിലനിര്‍ത്തുമെന്ന് തമിഴ്‌നാട് ഉറപ്പു നല്‍കിയിട്ടുണ്ടെങ്കിലും ഇതിന് ആഴ്ചകള്‍ കഴിയണം.
അതേസമയം, തമിഴ് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ കുടുംബസമേതം മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ചത് വിവാദമായി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മാധവന്‍, സബ് ഡിവിഷനല്‍ ഒാഫിസര്‍ സൗന്ദ്രം എന്നിവര്‍ കുടുംബസമേതം മുല്ലപ്പെരിയാറിലെത്തിയത്. ഏഴ് പുരുഷന്‍മാരും നാല് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടെയുള്ള സംഘം 12 മണിയോടെയാണ് തേക്കടി ബോട്ട് ലാന്‍ഡിങ്ങിലെത്തിയത്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ കണ്ടതോടെ ഉദ്യോഗസ്ഥര്‍ അല്ലാത്തവരെ അണക്കെട്ടിലേക്ക് വിടാന്‍ കഴിയില്ലെന്ന് വനം വകുപ്പ് അറിയിച്ചു. പോലിസ് തടയാന്‍ ശ്രമിച്ചെങ്കിലും തമിഴ്‌നാട് മരാമത്ത് വകുപ്പിന്റെ കണ്ണകി ബോട്ടില്‍ ഉദ്യോഗസ്ഥര്‍ കുടുംബത്തോടൊപ്പം മുല്ലപ്പെരിയാറിലേക്കു പോയി. അണക്കെട്ടില്‍ കയറുന്നതിന് കേരളാ പോലിസിന്റെ അനുമതി ആവശ്യമില്ലെന്ന നിലപാടാണ് തമിഴ്‌നാട് അധികൃതര്‍ സ്വീകരിച്ചത്.
Next Story

RELATED STORIES

Share it