Kerala

മുല്ലപ്പെരിയാര്‍: നിലപാടുമാറ്റം കേരളത്തിന് തിരിച്ചടിയാവും

മുല്ലപ്പെരിയാര്‍: നിലപാടുമാറ്റം കേരളത്തിന്  തിരിച്ചടിയാവും
X
mullaperiyar dam

നിഷാദ് എം ബഷീര്‍

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന്റെ ആവശ്യമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുമാറ്റം കേരളത്തിന് കനത്ത തിരിച്ചടിയാവും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രിംകോടതിയില്‍ നടക്കുന്ന കേസുകളില്‍ കേരളത്തിന്റെ വാദമുഖങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന കാരണമാവുമെന്ന ആശങ്കയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി പിണറായി നടത്തിയ വിവാദ പ്രസ്താവന വരുംദിവസങ്ങളില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരേ ശക്തമായ ആയുധമാക്കും. നിലവിലെ ഡാമിന് ബലക്ഷയമില്ലെന്ന് 2001 മുതല്‍ സുപ്രിംകോടതിയും തമിഴ്‌നാടും കേന്ദ്രസര്‍ക്കാരും ആവര്‍ത്തിച്ചു പറയുന്നതാണ്. തമിഴ്‌നാടിന്റെ താല്‍പര്യസംരക്ഷണത്തിനായി കേന്ദ്ര ജലകമ്മീഷന്‍ തയ്യാറാക്കിയ റിപോര്‍ട്ടിന്റെ ചുവടുപിടിച്ചാണ് ഈ വാദം. ശാസ്ത്രീയമായ പഠനമില്ലാതെ ജലകമ്മീഷന്‍ തയ്യാറാക്കിയ റിപോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കേരളം തുടര്‍ച്ചയായി സ്വീകരിച്ചുവന്ന നിലപാട്. ജലകമ്മീഷനെ വീണ്ടും പഠനത്തിനായി നിയോഗിച്ചതിലുള്ള കേരളത്തിന്റെ അതൃപ്തി കേന്ദ്രസര്‍ക്കാരിനെയും സുപ്രിംകോടതിയെയും ബോധിപ്പിച്ചിട്ടുള്ളതുമാണ്. ഡാമിന് ബലക്ഷയമില്ലെന്ന കേന്ദ്ര ജലകമ്മീഷന്റെ കണ്ടെത്തല്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് തെളിയിക്കുന്നതിനായി കേരളം നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ വിശദാംശങ്ങളും കേന്ദ്രത്തിനും കോടതിക്കും സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ, അണക്കെട്ടിന് ബലക്ഷയമില്ലെന്ന വിദഗ്ധസമിതി റിപോര്‍ട്ട് അംഗീകരിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ നിലപാട് വരുംദിവസങ്ങളില്‍ തമിഴ്‌നാട് കേരളത്തിനെതിരേ ആയുധമാക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142ല്‍ നിന്ന് 152 അടിയാക്കുമെന്നായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന പ്രഖ്യാപനം. ഇതി—നുള്ള പരോക്ഷസമ്മതമാണ് മുഖ്യമന്ത്രി പ്രസ്താവനയിലൂടെ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ജലനിരപ്പ് ഉയര്‍ത്തുന്നതിന് തമിഴ്‌നാട് സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുമെന്നതായിരുന്നു എല്‍ഡിഎഫിന്റെ പ്രകടനപത്രികയിലെ പ്രഖ്യാപനം. എന്നാല്‍, അധികാരത്തിലേറി മൂന്നുദിവസത്തിനുള്ളില്‍ ഈ വാഗ്ദാനം പാടേ തള്ളിക്കളയുന്നതാണ് പിണറായിയുടെ നിലപാട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തമിഴ്‌നാട് സര്‍ക്കാരിന്റെ വാദഗതികള്‍ക്കെതിരേ നാലുതവണ നിയമസഭ ഏകകണ്‌ഠ്യേന പ്രമേയം പാസാക്കുകയും നിരവധി സര്‍വകക്ഷിയോഗങ്ങളില്‍ കക്ഷിഭേദമെന്യേ പൊതുസമീപനം സ്വീകരിക്കുകയും ചെയ്ത വിഷയമാണ് മുല്ലപ്പെരിയാര്‍. എല്‍ഡിഎഫിലെ ഒരു കക്ഷിയും തമിഴ്‌നാടിന്റെ നിലപാടിനോട് യോജിച്ചിട്ടുമില്ല. പ്രതിപക്ഷം തന്നെ അടിയന്തരപ്രമേയമായി വിഷയം നിയമസഭയില്‍ കൊണ്ടുവന്നു. എന്നാല്‍, കേരളത്തിന്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന വിദഗ്ധസമിതി റിപോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചത് കോടതിയില്‍ നടത്തിവരുന്ന നിയമയുദ്ധങ്ങളെയെല്ലാം അപ്രസക്തമാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നാരോപിച്ച് പ്രതിപക്ഷവും മുല്ലപ്പെരിയാര്‍ സമരസമിതിയും രംഗത്തെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it