Sports

മുറിവുണങ്ങി : മൂന്നാമനായി ബ്രസീല്‍



കൊല്‍ക്കത്ത:  മികച്ച കളി കാഴ്ച വക്കുന്നവരല്ല, ഗോളടിക്കുന്നവരാണ് ഫുട്‌ബോളില്‍ ജയിക്കുന്നതെന്ന  പ്രാഥമിക പാഠം  മറന്ന മാലിക്ക് ലൂസേഴ്‌സ് ഫൈനല്‍ തോല്‍വി. സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മൂന്നാമനെ കണ്ടെത്താനുള്ള മല്‍സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പടയുടെ ജയം. പേരും പെരുമയുമുള്ള ബ്രസീലിനെതിരേ മികച്ച പോരാട്ടം പുറത്തെടുത്തിട്ടും ദൗര്‍ഭാഗ്യം കൊണ്ട് മാത്രമായിരുന്നു മാലിക്ക് ഗോള്‍ നേടാനാവാതെ പോയത്.  ലോക കിരീടമെന്ന സ്വപ്‌നത്തിന്റെ അരികിലെത്തി മുറിവേറ്റവര്‍ മുഖാമെത്തിയത് മികച്ചൊരു ഫുട്‌ബോള്‍ വിരുന്നായിരുന്നു കൊല്‍ക്കത്തയിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്കു സമ്മാനിച്ചത്. 4-3-3 ശൈലിയിലായിരുന്നു കാനറികള്‍ മാലിക്കെതിരേ പോരിനിറങ്ങിയത്. മറുവശത്ത് 4-4-2 ശൈലിയില്‍ മാലി കോച്ച് ജോനാസ് കോംല താരങ്ങളെ അണിനിരത്തിയത്. ആദ്യ മിനിറ്റുകളില്‍ ബ്രസീലിന് നേരിയ മുന്‍തൂക്കമുണ്ടായിരുന്നുവെങ്കിലും തക്കം കിട്ടുന്ന അവസരങ്ങളിലെല്ലാം മാലി താരങ്ങളും ബ്രസീല്‍ ഗോള്‍മുഖത്തേക്ക് ചെറു മിന്നലാക്രമണങ്ങള്‍ നടത്തി. 8, 16 മിനിറ്റുകളിലായി ബ്രസീലിന്റെ ഗോള്‍ ശ്രമങ്ങള്‍ വിഫലമായപ്പോള്‍ 21ാം മിനിറ്റില്‍ മാലിയുടെ അവസരവും പാഴായി. തൊട്ടുപിന്നാലെ കോര്‍ണറില്‍നിന്നുള്ള മാലിയുടെ ഗോള്‍ശ്രമവും ബ്രസീല്‍ പ്രതിരോധം രക്ഷപ്പെടുത്തി. പരസ്പരം ഗോളവസരങ്ങള്‍ തുറക്കാനുള്ള ഇരു ടീമുകളുടേയും ശ്രമങ്ങള്‍ക്കിടെ ആദ്യ പകുതി വിസില്‍ മുഴങ്ങി.പിന്നീട് 55ാം മിനിറ്റിലാണ് കാനറികളുടെ ആദ്യ ഗോള്‍ പിറന്നത്. ബ്രസീല്‍ താരങ്ങളുടെ മിടുക്കിനുപരി മാലിയുടെ ദൗര്‍ഭാഗ്യത്തിന്റെ കൂടെ ഫലമായിരുന്നു ഗോള്‍. ബോക്‌സിനു പുറത്തു നിന്നും പത്താം നമ്പര്‍ താരം അലന്‍ തൊടുത്തു വിട്ട ഷോട്ട് മാലി ഗോള്‍കീപ്പര്‍ യൂസുഫ് കൊയ്ത്ത രക്ഷപെടുത്തിയെന്നു തോന്നിപ്പിച്ചു. എന്നാല്‍ കൈയ്യില്‍ നിന്നും ഊര്‍ന്നിറങ്ങിയ പന്ത് ഗോള്‍കീപ്പറെ നിസ്സഹായനാക്കി പോസ്റ്റിന്റെ വലതു മൂലയിലേക്ക് നിരങ്ങി നീങ്ങി (1-0).ഗോള്‍ വഴങ്ങിയ ശേഷം വര്‍ധിത വീര്യത്തോടെ ആക്രമിച്ചു കളിച്ച മാലി താരങ്ങളെയായിരുന്നു പിന്നീട് സ്റ്റേഡിയത്തില്‍ കണ്ടത്. ഇതിനിടയില്‍ ബ്രസീല്‍ നിരയില്‍ ചില മാറ്റങ്ങളും കോച്ച് അമേഡു വരുത്തി.  ഗോള്‍ നേടിയ അലനു പകരം റോഡ്രിഗോ നെസ്റ്ററെ കളത്തിലിറക്കി. 88ാം മിനിറ്റില്‍ മാലിക്കാരുടെ ഇടനെഞ്ച് തകര്‍ത്ത് ബ്രസീല്‍ ലീഡുയര്‍ത്തി. മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ബ്രണ്ണര്‍ വഴി പന്ത് പകരക്കാരനായെത്തിയ യൂറി ആല്‍ബര്‍ട്ടോയിലേക്ക്. ആല്‍ബര്‍ട്ടോയുടെ ക്ലോസ് റേഞ്ചര്‍ ഷോട്ട് മാലി ഗോള്‍കീപ്പറെ മറി കടന്ന് വലയില്‍ പതിച്ചു(2-0).  അതോടെ, മാനസികമായി തകര്‍ന്ന മാലി താരങ്ങളിലേക്ക് റഫറിയുടെ അവസാന വിസിലുമെത്തി.
Next Story

RELATED STORIES

Share it