thrissur local

മുറവിളികള്‍ക്കൊടുവില്‍ ദേശീയപാതയിലെ അറ്റകുറ്റപ്പണി ആരംഭിച്ചു



ചാവക്കാട്: മുറവിളികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും താല്‍കാലിക വിരാമമിട്ട് തകര്‍ന്നുകിടക്കുന്ന ദേശീയപാത 17ന്റെ അറ്റകുറ്റപ്പണി ആരംഭിച്ചു. ദേശീയപാതയില്‍ ചാവക്കാട് ട്രാഫിക് ഐലന്‍ഡ് ജങ്ഷനു സമീപമാണ് ടാറിടല്‍ ആരംഭിച്ചത്. കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കളക്ടറേറ്റില്‍ വിളിച്ച യോഗത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ദേശീയ പാത 17ലെ തകര്‍ന്ന ഭാഗങ്ങള്‍ അറ്റകുറ്റപ്പണി നടത്തി സഞ്ചാര യോഗ്യമാക്കണമെന്ന് ദേശീയപാത ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. റോഡിലെ കുഴികള്‍ നികത്തി ടാറിട്ട് സഞ്ചാരയോഗ്യമാക്കിയില്ലെങ്കില്‍ കരാറുകാര്‍ക്കെതിരേ നിയമാനുസൃത നടപടി സ്വീകരിക്കാനും കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ദേശീയപാതയില്‍ അറ്റകുറ്റപ്പണി തുടങ്ങിയത്. ചേറ്റുവ മുതല്‍ മണത്തല വരെയുള്ള ഭാഗത്താണ് ഇപ്പോള്‍ അറ്റകുറ്റപ്പണി നടക്കുകയെന്ന് ദേശീയപാത അധികൃതര്‍ പറഞ്ഞു. ഇതിന് ശേഷം മണത്തലക്ക് വടക്കോട്ടുള്ള ഭാഗത്ത് അറ്റകുറ്റപ്പണി ആരംഭിക്കും. ചാവക്കാട് മേഖലയിലെ ദേശീയപാത തകര്‍ന്നിട്ട് മാസങ്ങളായെങ്കിലും റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. കളക്ടറേറ്റില്‍  ചേര്‍ന്ന യോഗത്തില്‍ ദേശീയപാത ഉദ്യോഗസ്ഥര്‍ക്കെതിരേ ജനപ്രതിനിധികള്‍ രൂക്ഷമായ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു. ഇത്ര നാള്‍ ദേശീയപാതയിലെ തകര്‍ന്ന ഭാഗങ്ങളില്‍ ക്വാറി അവശിഷ്ടമിട്ട് നികത്തിയായിരുന്നു അധികൃതര്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഇത് പഴയ സ്ഥിതിയിലെത്തുന്ന സാഹചര്യമായിരുന്നു. രൂക്ഷമായ പൊടിശല്യവും ഇതുകാരണം ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it