ernakulam local

മുന്‍ ഡിജിപിയുടെ 2.40 ലക്ഷം കവര്‍ന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍



കൊച്ചി: മുന്‍ ഡിജിപിയുടെ കാറില്‍ നിന്ന് ഡ്രൈവറെ കബളിപ്പിച്ച് 2.40 ലക്ഷം രൂപയടങ്ങിയ സ്യൂട്ട് കേസ് കവര്‍ന്ന സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട് തൃശ്‌നാപ്പള്ളി ഗാന്ധിനഗര്‍ ഹരിഭാസ്‌കര്‍ കോളനിയില്‍ ബലരാജ് (55)നെയാണ് സെന്‍ട്രല്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ അനന്തലാല്‍,എസ് ഐ ജോസഫ് സാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. മുന്‍ ഡിജിപി പി ജെ അലക്‌സാണ്ടറിന്റെ കാറില്‍ നിന്നാണ് സംഘം പണം കവര്‍ന്നത്. കഴിഞ്ഞ മാര്‍ച് മൂന്നിന് വൈകുന്നേരം 3.45 ഓടെയാണ് കേസിനാസ്പദമായ സംഭവം.എറണാകുളത്ത് ധനലക്ഷ്മി ബാങ്കിനു സമീപം പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു കാര്‍. ഈ സമയം സ്ഥലത്തെത്തിയ സംഘം ഡ്രൈവറുടെ ശ്രദ്ധ തിരിച്ച ശേഷം കാറിനുള്ളില്‍ നിന്ന് സ്യൂട്ട് കേസ് കവര്‍ച്ച  ചെയ്യുകയായിരുന്നു. തുടര്‍ന്ന് സ്യൂട് കേസുമായി രക്ഷപെട്ട പ്രതികള്‍ തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിലെത്തിയ ശേഷം കോയമ്പത്തൂര്‍ക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ കയറി. ബസ് പാലക്കാട് കോട്ടമൈതാനത്ത് എത്തിയപ്പോള്‍ ഇവര്‍ ഇറങ്ങിപോകുകയും ചെയ്തു. ബസ് കോയമ്പത്തൂരില്‍ എത്തിയപ്പോളാണ് സീറ്റിനടിയില്‍ ഇരിക്കുന്ന പെട്ടി കണ്ടക്ടറുടെ ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് കേരളത്തിലെത്തിയപ്പോള്‍ സംസ്ഥാന പോലിസ് മേധാവിയെ ഏല്‍പ്പിച്ചു. സമാന കുറ്റകൃത്യങ്ങള്‍ നടത്തിയവരുടെ ഫോട്ടോകള്‍ കണ്ടക്ടറെയും ഡ്രൈവറെയും കാണിച്ചതില്‍ നിന്നാണ് ബലരാജിനെ ഇവര്‍ തിരിച്ചറിഞ്ഞത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
Next Story

RELATED STORIES

Share it