Flash News

മുത്ത്വലാഖ് മൗലികാവകാശമെങ്കില്‍ ഇടപെടില്ല : സുപ്രിംകോടതി



ന്യൂഡല്‍ഹി: മുത്ത്വലാഖ് ഇസ്‌ലാം മതത്തിലെ മൗലികാവകാശമാണെന്നു ബോധ്യമാവുകയാണെങ്കില്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് സുപ്രിംകോടതി. മുത്ത്വലാഖ് ഇസ്‌ലാംമതത്തിലെ വിശുദ്ധ കര്‍മമാണോ എന്ന കാര്യവും മുസ്‌ലിംകളുടെ മതപരമായ മൗലികാവകാശമാണോ എന്ന കാര്യവുമാണ് കോടതി പരിശോധിക്കുകയെന്നും സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. മുത്ത്വലാഖ് മൗലികാവകാശമായി നടപ്പാക്കാമോ എന്ന കാര്യവും കോടതി പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മുത്ത്വലാഖ് വിഷയത്തില്‍ ഇന്നലെ ആരംഭിച്ച വാദംകേള്‍ക്കലിനിടെ കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, മുത്ത്വലാഖിന് പുറമെ ബഹുഭാര്യത്വവും നിരോധിക്കണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ബോധിപ്പിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. മേത്തയുടെ ആവശ്യം തള്ളിക്കളഞ്ഞ ഭരണഘടനാ ബെഞ്ച്, മുത്ത്വലാഖും ബഹുഭാര്യത്വവും കൂട്ടിക്കെട്ടേണ്ടതില്ലെന്നു വ്യക്തമാക്കി. മുത്ത്വലാഖും ബഹുഭാര്യത്വവും രണ്ടു വിഷയങ്ങളാണെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു. അപ്പോള്‍ ചടങ്ങുകല്യാണവും (നിക്കാഹ് ഹലാല) പരിഗണിക്കില്ലേ എന്ന തുഷാര്‍ മേത്തയുടെ മറുചോദ്യത്തിന്, അതും മുത്ത്വലാഖുമായി ബന്ധപ്പെട്ടു മാത്രമേ പരിഗണിക്കാനാവൂ എന്നായിരുന്നു കോടതിയുടെ മറുപടി.മുത്ത്വലാഖ് മുസ്‌ലിം സ്ത്രീകളുടെ മൗലികാവകാശം ലംഘിക്കുന്നുണ്ടോ എന്ന വിഷയം മാത്രമായിരിക്കും പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മുത്ത്വലാഖ് വിഷയത്തില്‍ ആറുദിവസത്തെ വാദത്തിനാണ് ഇന്നലെ തുടക്കമായത്. മൂന്നു ദിവസം മുത്ത്വലാഖിനെ എതിര്‍ക്കുന്നവരും മൂന്നു ദിവസം മുത്ത്വലാഖിനെ അനുകൂലിക്കുന്നവരുമായിരിക്കും വാദം നടത്തുക. ജെ എസ് ഖെഹാറിനു പുറമെ ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ആര്‍ എഫ് നരിമാന്‍, യു യു ലളിത്, അബ്ദുല്‍ നസീര്‍ എന്നിവരാണ് ബെഞ്ചിലുള്ളത്. മുത്ത്വലാഖ് ഒരു വിഷയമല്ലെന്നായിരുന്നു കേസിലെ അമിക്കസ് ക്യൂറിയായ സല്‍മാന്‍ ഖുര്‍ഷിദിന്റെ വാദം. മുസ്‌ലിം വ്യക്തി നിയമം  എന്നത് ശരീഅത്ത് നിയമമാണോ എന്നും അദ്ദേഹം ചോദിച്ചു. ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ അനുരഞ്ജനശ്രമങ്ങള്‍ നടത്താതെ മുത്ത്വലാഖ് പൂര്‍ണമായും പരിഗണിക്കാനാവില്ല. മുന്‍കൂര്‍ അനുരഞ്ജനശ്രമങ്ങള്‍ നടക്കാതെ മുത്ത്വലാഖിന് (വിവാഹമോചനം) പ്രാബല്യമില്ലെന്നും സല്‍മാന്‍ ഖുര്‍ഷിദ് വാദിച്ചു. അഖിലേന്ത്യാ വ്യക്തി നിയമ ബോര്‍ഡിന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരായി. മൂന്നുതവണ മൊഴി ചൊല്ലിയശേഷം വീണ്ടും അനുരഞ്ജനം സാധ്യമാണോ എന്ന് സുപ്രിംകോടതി ആരാഞ്ഞു. ഒരു വ്യക്തി ഒരു തവണ മൊഴി (ത്വലാഖ്) ചൊല്ലിയാല്‍ പോലും മൂന്നുമാസത്തിനകം അതു പിന്‍വലിച്ചില്ലെങ്കില്‍ വിവാഹമോചനം പ്രാബല്യത്തിലാവുമെന്ന് സല്‍മാന്‍ ഖുര്‍ഷിദ് മറുപടി നല്‍കി.
Next Story

RELATED STORIES

Share it